തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലാണ് യോഗം. എലപ്പുള്ളിയിലെ മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിര്‍ക്കും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരായ സമരപരിപാടികളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
പാലക്കാട് എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണ ശാല, കിഫ്ബി യൂസര്‍ ഫീ, സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫ് നേതൃയോഗം. എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും.
Also Read: ‘പ്രശ്നങ്ങളൊന്നുമില്ല, എല്ലാം കൂളാണ്’; കെ സി വേണുഗോപാല്‍
മദ്യനിര്‍മാണശാല സംബന്ധിച്ച പാര്‍ട്ടി നിലപാട് സിപിഐ മുന്നണി യോഗത്തില്‍ ഉന്നയിക്കും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയും കത്ത് നല്‍കിയിട്ടുണ്ട്. കിഫ്ബി റോഡുകളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള നിര്‍ദേശത്തിന് എതിരെയും എതിര്‍പ്പ് ഉയരാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന അഭിപ്രായം.
സര്‍ക്കാരും എല്‍ഡിഎഫും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന നടപടികളിലേക്ക് കടക്കണം. പൊതുവിതരണവും ക്ഷേമകാര്യങ്ങളും മെച്ചപ്പെടുത്തണം. നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടത് മുന്നണി വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഐ. ഭരണവകുപ്പുകള്‍ ഇനിയും മെച്ചപ്പെടണമെന്നും സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു.