ഇടുക്കി: സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടിയ ബജറ്റായിരുന്നു ഇന്നത്തെ കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് പാക്കേജ് പോലും അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും ബജറ്റിൽ സഹായമൊന്നും പ്രഖ്യാപിച്ചില്ല. എയിംസിനെ കുറിച്ചും പരാമര്‍ശമില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും നിരാശയാണ്. കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. രാജ്യത്താകമാനം കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല. രാജ്യത്തിന്റെ മുന്‍ഗണനാ ക്രമം എന്തെന്നു മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ നേടിയെടുക്കുകയെന്ന അജണ്ടയാണ് ബജറ്റിലുള്ളത്. സംസ്ഥാനങ്ങളെയാകെ കൂടുതല്‍ ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശൻ പറഞ്ഞു.