താടിയെല്ലും വിവാദവും..! പുലിവാല് പിടിച്ച് മുഖ്യമന്ത്രി വിജയ്

ആരെയും പരിഹസിക്കാനല്ല താൻ താടിയിൽ പിടിച്ചതെന്നും പ്രസംഗത്തിനിടെ സ്വാഭാവികമായി ഉണ്ടായ ആംഗ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് വിജയിന്റെ വിശദീകരണം

താടിയെല്ലും വിവാദവും..! പുലിവാല് പിടിച്ച് മുഖ്യമന്ത്രി വിജയ്
താടിയെല്ലും വിവാദവും..! പുലിവാല് പിടിച്ച് മുഖ്യമന്ത്രി വിജയ്

നിയമസഭയിലെ ഒരു ചെറിയ ആംഗ്യം ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ വാക്പോരായി മാറുകയാണ്. പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയ് താടിയിൽ പിടിച്ചതാണ് വിവാദത്തിന് കാരണമായത്. അടിയന്തരാവസ്ഥക്കാലത്ത് എം.കെ. സ്റ്റാലിന് പൊലീസ് മർദനത്തിൽ താടിയെല്ലിന് ഏറ്റ പരുക്കിനെയാണ് വിജയ് പരിഹസിച്ചതെന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാൽ താൻ ആരെയും പരിഹസിച്ചിട്ടില്ലെന്നും പ്രസംഗത്തിനിടെ സ്വാഭാവികമായി താടിയിൽ പിടിച്ചതാണെന്നും വിജയ് വിശദീകരിച്ചതോടെ സംഭവത്തിൽ രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമായി.

അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് 1976ൽ മിസ നിയമപ്രകാരം സ്റ്റാലിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്രാസ് സെൻട്രൽ ജയിലിൽ കടുത്ത മർദനത്തിനും അദ്ദേഹം ഇരയായി. സഹതടവുകാരിൽ ചിലർ മർദനമേറ്റ് മരിക്കുകയും ചെയ്തു. അവസാന വർഷ ബിരുദ പരീക്ഷ സ്റ്റാലിൻ ജയിലിൽവച്ചാണ് എഴുതിയത്. അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ 1977 മാർച്ചിലാണ് അദ്ദേഹം ജയിൽമോചിതനായത്. ജയിലിൽ നേരിട്ട മർദനത്തിലാണ് സ്റ്റാലിന്റെ താടിയെല്ലിന് പരുക്കേറ്റത്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ അടയാളമായാണ് ഡിഎംകെ ഈ പരുക്കിനെ കാണുന്നത്. അതിനാലാണ് വിജയിന്റെ ആംഗ്യം പരിഹാസമാണെന്ന ആരോപണം ഡിഎംകെ ഉയർത്തിയത്.

ALSO READ:പാർട്ടിയുടെ സമയം അത്ര ശരിയല്ല..! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണം സിപിഎം നേതാക്കളിലേക്കും

അതേസമയം, സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് വിജയ് ആരോപണം നിഷേധിച്ചത്. ആരെയും പരിഹസിക്കാനല്ല താൻ താടിയിൽ പിടിച്ചതെന്നും പ്രസംഗത്തിനിടെ സ്വാഭാവികമായി ഉണ്ടായ ആംഗ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് വിജയിന്റെ വിശദീകരണം. എന്നാൽ ടിവികെയെ പിന്തുണയ്ക്കുന്ന സിപിഎം ഉൾപ്പെടെയുള്ളവർ സംഭവത്തിൽ വിജയിനെ വിമർശിച്ചു. ആളുകളെ ബോഡി ഷെയിമിങ് ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു.

ഇതോടെ തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ ടിവികെയും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള വാക്പോരിന് പുതിയ തലമെത്തിയിരിക്കുകയാണ്. സ്റ്റാലിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു രാഷ്ട്രീയ അധ്യായവുമായി ബന്ധപ്പെട്ട ആംഗ്യമാണോ, അതോ പ്രസംഗത്തിനിടയിലെ സ്വാഭാവിക ചലനം മാത്രമാണോ എന്ന തർക്കമാണ് ഇപ്പോൾ വിവാദത്തിന്റെ കേന്ദ്രം. വിജയിന്റെ വിശദീകരണം പുറത്തുവന്നിട്ടും വിഷയത്തിൽ രാഷ്ട്രീയ വിമർശനം തുടരുകയാണ്.

Share Email
Top