യു.എ.ഇ.യിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും കഠിനവുമായ ‘ജംറത്തുൽ ഖൈത്’ കാലഘട്ടത്തിന് തുടക്കമായതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ജൂലൈ 3 മുതൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന ഈ ദിവസങ്ങളിൽ രാജ്യത്ത് വരണ്ടതും കടുത്തതുമായ വേനൽച്ചൂടായിരിക്കും അനുഭവപ്പെടുക. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് ലിവ, അൽ സില തുടങ്ങിയ പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് രേഖപ്പെടുത്തിയേക്കാം. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകൾ.
അതേസമയം, കടുത്ത വേനലിന്റെ പ്രവേശനത്തിനിടയിലും കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ആശ്വാസമായി നേരിയ മഴ ലഭിച്ചിരുന്നു. പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ താപനില നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. എന്നാൽ രാത്രിയിലും പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കാനും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്നേക്കാം. അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.






