ഐഫോൺ 16 ഇറങ്ങുന്നത് ഫിസിക്കൽ ബട്ടണുകൾ ഇല്ലാതെ

ഐഫോൺ 16 ഇറങ്ങുന്നത് ഫിസിക്കൽ ബട്ടണുകൾ ഇല്ലാതെ

ഫോൺ 16 സീരീസ് ഇറങ്ങാൻ പോകുന്നത് ഫിസിക്കൽ ബട്ടണുകൾ ഇല്ലാതെയെന്ന് റിപ്പോർട്ടുകൾ. ഈ വർഷാവസാനം പുറത്തിറങ്ങുന്ന ഐഫോൺ 16 എന്ന മോഡൽ കപ്പാസിറ്റീവ് ബട്ടണുകളുമായാകും എത്തുകയെന്ന് സൂചന. ഒരു ഫിസിക്കൽ ബട്ടൺ അമർത്തുന്നത് പോലെ സ്പർശിക്കുമ്പോൾ ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് (വൈബ്രേഷൻ) നൽകാൻ കഴിയുന്ന ബട്ടണുകളുമായ ഐഫോൺ 16 സീരീസ് വരുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐഫോൺ 15 ലൈനപ്പിൽ കപ്പാസിറ്റീവ് ബട്ടണുകൾ സജ്ജീകരിക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അതില്ലാതെയായിരുന്നു 15 സീരീസ് എത്തിയത്. കപാസിറ്റീവ് ബട്ടണിന്റെ ഘടകങ്ങൾ തായ് വാൻ ആസ്ഥാനമായുള്ള വിതരണക്കാരിൽ നിന്നും ആപ്പിൾ ഓർഡർ ചെയ്തതായി വിവരം ലഭിച്ചിരുന്നു. രണ്ട് ടാപ്റ്റിക് എഞ്ചിൻ മോട്ടോറുകളാവും പുതിയ ബട്ടണിൽ പ്രവർത്തിക്കുക. ഈ ടാപ്റ്റിക് എഞ്ചിനാണ് പ്രവർത്തനം അതിവേഗത്തിലാക്കുക. ഐഫോൺ 15 മോഡലിൽ പരീക്ഷിക്കാനിരുന്ന ഈ ബട്ടൺ, സാങ്കേതിത തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു.

പിന്നാലെ ഐഫോൺ 15 സീരീസിനായി സ്റ്റാൻഡേർഡ് മെക്കാനിക്കൽ ബട്ടണുകൾ ഉപയോഗിക്കുന്നതിലേക്ക് തന്നെ കമ്പനി മടങ്ങി. എന്നാൽ, ഒരു മാറ്റം എന്ന നിലയ്ക്ക് പ്രോ മോഡലുകളിൽ “ആക്ഷൻ ബട്ടൺ” അവതരിപ്പിച്ചിരുന്നു. അതുപോലെ, ഐഫോൺ 16 മോഡലുകൾക്കൊപ്പം പുതിയ “ക്യാപ്ചർ ബട്ടൺ” വരുമെന്നും സൂചനകളുണ്ട്. ക്യാമറ ആപ്ലിക്കേഷൻ വേഗത്തിൽ തുറക്കാനും ക്ലിക്ക് ചെയ്യാനും ഉപകരിക്കുന്നതായിരിക്കും ഈ ബട്ടൺ.

Top