ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനർ ഉയർത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എൻ ഷംസീര്‍ രംഗത്ത്. സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ സ്പീക്കർക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഗ്യാലറിയിൽ കുട്ടികളുണ്ടായിരുന്നു. അവർ ഇതാണോ കണ്ടുപഠിക്കേണ്ടതെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ ചോദിച്ചു.
അതേസമയം പ്രതിപക്ഷത്തിന് ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശല്‍ വിഷയം ചർച്ച ചെയ്യണമെങ്കിൽ അടിയന്തര പ്രമേയ നോട്ടീസായി നൽകാമായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതിനു പകരം എന്തിനാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഈ സമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസും സഭയില്‍ പറഞ്ഞു.












