ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലിൽ തള്ളി.സംഭവത്തിൽ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെയും രണ്ടു കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. വിഴുപുരം കൂനമേൽ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. പുതുച്ചേരിയിലെ റസ്റ്ററൻ്റിൽ ജോലി ചെയ്യുകയായിരുന്ന ശിവ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read: ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്തു
പെൺകുട്ടിയുടെ സഹോദരൻ ഇക്കാര്യം സുഹൃത്തുക്കളായ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരോട് പറഞ്ഞു. ഡിസംബർ ആറിന് ശിവയുമായി ഇവർ നേരിൽ കാണുകയും സംവാദം വഴക്കിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് മുഹമ്മദ് അമീസും അബ്ദുൾ സലാമും രണ്ട് കൗമാരക്കാരും ചേർന്ന് ശിവയെ കൂനമേട് ബീച്ചിൽ കൊണ്ടുപോയി കുത്തിക്കൊന്ന് കടലിൽ തള്ളുകയായിരുന്നു.
രണ്ടു ദിവസത്തിനുശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശിവയുടെ ഭാര്യ കോട്ടക്കുപ്പം പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ സലാമും മുഹമ്മദ് അമീസും രണ്ട് ആൺകുട്ടികളും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു വ്യക്തമായത്. അറസ്റ്റിലായ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെ റിമാൻഡ് ചെയ്തു. കൗമാരക്കാരെ ദുർഗുണ പരിഹാര പാഠശാലയിലേക്കയച്ചു.