കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവം; സഞ്ജു ടെക്കിയുടെ ആർ.സി റദ്ദാക്കിയത് ഒരുവർഷത്തേക്ക്

കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവം; സഞ്ജു ടെക്കിയുടെ ആർ.സി റദ്ദാക്കിയത് ഒരുവർഷത്തേക്ക്

കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു റദ്ദാക്കി എം.വി.ഡി. ആലപ്പുഴ ആർ.ടി.ഒ. എ.കെ. ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കുന്നതിന് എം.വി.ഡി.യുടെ അനുമതി വാങ്ങണം. ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ നടത്തിയ പരിശീലനത്തിൽ സജുവിന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പരിഗണിച്ചാണ് ആർ.സി. റദ്ദാക്കുന്നത് ഒരു വർഷത്തേക്കു ചുരുക്കിയതെന്ന് ആർ.ടി.ഒ. പറഞ്ഞു. ഇക്കാലയളവിൽ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.

ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്നദ്ധസേവനം തുടരുകയാണ്. അപകടത്തിൽപ്പെട്ടു കഴിയുന്നവർക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സജുവിന്റെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും. വീഡിയോ ചിത്രീകരിക്കുന്നതിനായി ടാറ്റ സഫാരി കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതിനും അതുമായി റോഡിലിറങ്ങിയതിനുമാണ് സഞ്ജു ടെക്കിക്കെതിരേ നടപടി സ്വീകരിച്ചത്. സഞ്ജു ടെക്കിക്ക് പുറമെ, സുഹൃത്ത് സൂര്യനാരായണനും എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും സഞ്ജുവിനെതിരേ ആറു വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. മോട്ടോർ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട്യൂബർക്കെതിരേ എടുക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതിയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.

Top