തിരുനെൽവേലി: അയൽവാസിയുടെ മകനെ 40 കാരി കൊലപ്പെടുത്തി വാഷിംഗ് മെഷീനിൽ അടച്ച സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന സാധ്യത തള്ളാതെ പൊലീസ്. തിങ്കളാഴ്ചയാണ് തിരുനെൽവേലിയെ ഞെട്ടിച്ച കൊലപാതക വിവരം പുറത്ത് വന്നത്. അയൽവാസിയുടെ മൂന്ന് വയസുകാരനായ മകനെയാണ് തങ്കമ്മാൾ എന്ന 40കാരി കൊല ചെയ്ത് ചാക്കിലാക്കി വാഷിംഗ് മെഷീനിൽ അടച്ച് വച്ചത്. അതുക്കുറിച്ചി സ്വദേശിയായ 40കാരിയുടെ വീട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തങ്കമ്മാളിന്റെ മകൻ റോഡപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായി സംശയിക്കുന്നുണ്ട്. വിഷാദ രോഗത്തിനും ഇവർ അടിമയായിരുന്നതായാണ് സൂചന. അതേസമയം കൊലപാതകത്തിൽ 40 കാരിക്ക് മാത്രമാണ് പങ്കെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുനെൽവേലിയിലെ വിഘ്‌നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു സഞ്ജയ്. തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു.
Also read: 3 വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിംഗ് മെഷീനിൽ ഒളിപ്പിച്ചു, അയൽക്കാരി അറസ്റ്റിൽ
തങ്കമ്മാളിന്റെ മകന്റെ മരണത്തിന്റെ പേരിലുണ്ടായ തർക്കത്തിലുള്ള പക മൂലമാകാം കൊലപാതകമെന്നാണ് പ്രാഥമിക സൂചനകൾ. കുട്ടിയെ കാണാതായതിന് പിന്നാലെ രാധാപുരം പൊലീസ് വീടിന്റെ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് തങ്കമ്മാളിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ പൊലീസ് ശ്രദ്ധിക്കുന്നതും ഇവരുടെ വീട് പരിശോധിക്കുന്നതും. പൊലീസ് വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് സംശയം തോന്നി ഇവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനിൽ കണ്ടെത്തിയത്.