തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

ഹൈദരാബാദ്: തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ മെത്രാന്‍ സമിതികള്‍ ഇടപെടണമെന്നതാണ് അല്‍മായ മുന്നേറ്റത്തിന്റെ ആവശ്യം. പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയായിരുന്നു ആക്രമണം എന്നാണ് ആരോപണം. പൊലീസ് നോക്കിനില്‍ക്കെ കഴുത്തില്‍ കാവിഷാള്‍ ധരിപ്പിച്ചെന്നും തിലകം ചാര്‍ത്തിപ്പിച്ചെന്നും ജയ്ശ്രീറാം വിളിപ്പിച്ചെന്നുമാണ് ആരോപണം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെലങ്കാനയിലെ ആദിലാബാദില്‍ മദര്‍ തെരേസ സ്‌കൂളിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും സ്‌കൂള്‍ മാനേജരായ വൈദികനെ ആക്രമിക്കുകയുമായിരുന്നു. യൂണിഫോമിന് പകരം ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വസ്ത്രമിട്ട് എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. യൂണിഫോം ധരിച്ചതിന് മുകളില്‍ ആചാരപരമായ വേഷം ധരിക്കാമെന്ന നിലപാടായിരുന്നു സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. അല്ലെങ്കില്‍ മാതാപിതാക്കളെ കൊണ്ട് പറയിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതാണ് പ്രകോപന കാരണമായതെന്നാണ് പറയുന്നത്.

ആചാരപരമായ വേഷം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരാള്‍ പുറത്ത് വിട്ട വീഡിയോയാണ് ആക്രമണത്തിന് കാരണമായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹുമാന്‍ സേന പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും സ്‌കൂളിലേയ്ക്ക് സംഘടിച്ചെത്തുകയായിരുന്നു. പ്രിന്‍സിപ്പലിനെ കാണണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യമെങ്കിലും സ്‌കൂള്‍ മാനേജരായ വൈദികനായിരുന്നു ഇവരോട് സംസാരിച്ചത്. സംസാരത്തിനടിയിലാണ് അക്രമിസംഘം വൈദികനെ ക്രൂരമായി മര്‍ദ്ദിച്ചതും ജയ്ശ്രീറാം വിളിപ്പിച്ചതും.

Top