സനാ: തെക്കൻ ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ ഹനീഷ്, ലെസ്സർ ഹനീഷ് ദ്വീപുകൾ കൂടി പിടിച്ചെടുത്ത് ഹൂതി വിമതർ. ബാബ് അൽ മന്ദേബ് കടലിടുക്കിന് സമീപം ഹൂതികളുടെ സാന്നിധ്യം ശക്തമാകുന്നതിനിടെ സൗദി പിന്തുണയുള്ള യമൻ സർക്കാർ സൈന്യം പുനഃസംഘടിക്കാൻ ശ്രമിക്കുകയാണ്. തന്ത്രപ്രധാന തുറമുഖ നഗരമായ മോഖയും ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന മയ്യുൻ ദ്വീപും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹനീഷ് ദ്വീപുകളിലും ഹൂതികൾ നിയന്ത്രണം സ്ഥാപിച്ചത്.
നൂറുകണക്കിന് സർക്കാർ അനുകൂല സൈനികർ പിൻവാങ്ങിയതോടെയാണ് ഹൂതികൾ ഹനീഷ് ദ്വീപുകളിലേക്ക് കടന്നത്. ബാബ് അൽ മന്ദേബിൽനിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കാണ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഇവയുടെ നിയന്ത്രണം ഹൂതികൾക്ക് ലഭിച്ചതോടെ തെക്കൻ ചെങ്കടലിൽ അവരുടെ സാന്നിധ്യം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വർധിച്ചു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഹൂതികൾക്ക് ഇതിലൂടെ കഴിയുമെന്ന ആശങ്കയും ശക്തമാണ്. നേരത്തെ പിടിച്ചെടുത്ത മയ്യുൻ ദ്വീപിന്റെ തന്ത്രപ്രധാന സ്ഥാനവും കണക്കിലെടുക്കുമ്പോൾ ചെങ്കടലിലൂടെയുള്ള വാണിജ്യക്കപ്പൽ ഗതാഗതത്തിലാണ് പ്രധാന ആശങ്ക.
ALSO READ; ചൈനയുടെ ‘രഹസ്യ സഹായം’ ഇറാന്? സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് അമേരിക്ക..!
ഹൂതികളുടെ പുതിയ മുന്നേറ്റം ചെങ്കടലിന്റെ ആഫ്രിക്കൻ തീരത്തെ തന്ത്രപ്രധാന മേഖലകളിലും ആശങ്ക ഉയർത്തുന്നുണ്ട്. ബാബ് അൽ മന്ദേബിന് അപ്പുറം ജിബൂട്ടിയിലുള്ള യുഎസ് സൈനികത്താവളത്തിൽനിന്ന് ഏകദേശം 32 കിലോമീറ്റർ മാത്രം അകലത്തിലാണ് ഇപ്പോൾ ഹൂതി കേന്ദ്രങ്ങൾ. തുടക്കത്തിൽ വലിയ പ്രതിരോധമില്ലാതെ മുന്നേറാൻ ഹൂതികൾക്ക് കഴിഞ്ഞെങ്കിലും നിലവിൽ യമൻ സൈന്യം കടലിടുക്കിന് വടക്കുള്ള തന്ത്രപ്രധാന നഗരമായ ധുബാബിലേക്ക് മുന്നേറ്റം ആരംഭിച്ചിട്ടുണ്ട്.
ഹൂതികളുടെ പെട്ടെന്നുള്ള മുന്നേറ്റം യമനിൽ വീണ്ടും ആഭ്യന്തരയുദ്ധത്തിന് വഴിതുറക്കുമെന്ന ആശങ്കയും ശക്തമാക്കുന്നു. സൗദി സഖ്യസേന പിന്തുണയ്ക്കുന്ന സർക്കാരും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി രാജ്യം സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ പോരാട്ടം ചെങ്കടലിലെ സുരക്ഷാപ്രശ്നത്തിൽ മാത്രം ഒതുങ്ങാതെ യമനുള്ളിലെ വലിയ സൈനിക ഏറ്റുമുട്ടലായി മാറാനുള്ള സാധ്യതയാണ് പുതിയ നീക്കങ്ങൾ ഉയർത്തുന്നത്.






