‘വീട്ടിൽ സംഗീതോപകരണങ്ങൾ നിറയെ, പക്ഷേ..! 84-ാം വയസ്സിലും അമിതാഭ് ബച്ചന്റെ ആ ആഗ്രഹം ബാക്കി

ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ബച്ചൻ, ‘കൗൻ ബനേഗാ ക്രോർപതി 18’ന്റെ പുതിയ എപ്പിസോഡിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്

‘വീട്ടിൽ സംഗീതോപകരണങ്ങൾ നിറയെ, പക്ഷേ..!  84-ാം വയസ്സിലും അമിതാഭ് ബച്ചന്റെ ആ ആഗ്രഹം  ബാക്കി
‘വീട്ടിൽ സംഗീതോപകരണങ്ങൾ നിറയെ, പക്ഷേ..!  84-ാം വയസ്സിലും അമിതാഭ് ബച്ചന്റെ ആ ആഗ്രഹം  ബാക്കി

മുംബൈ: വീട്ടിൽ പലതരം സംഗീതോപകരണങ്ങൾ ശേഖരിച്ചുവെച്ചിട്ടും അവയിലൊന്നുപോലും വായിക്കാൻ പഠിക്കാനായില്ലെന്നതാണ് 84കാരനായ അമിതാഭ് ബച്ചന്റെ ഇപ്പോഴത്തെ വലിയ ഖേദം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ബച്ചൻ, ‘കൗൻ ബനേഗാ ക്രോർപതി 18’ന്റെ പുതിയ എപ്പിസോഡിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ജീവിതത്തിൽ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ചെയ്യാൻ അവസരം ലഭിച്ചാൽ എന്ത് തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് സംഗീതോപകരണം വായിക്കാൻ പഠിക്കുകയായിരിക്കും തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിക്കാത്തതിൽ വിഷമമുണ്ടെന്നും പ്രശസ്ത ഗായകരും സിത്താർ വാദകരും മികച്ച പ്രകടനം നടത്തുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ബച്ചൻ വ്യക്തമാക്കി. വീട്ടിൽ സാധ്യമായ എല്ലാത്തരം സംഗീതോപകരണങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും എപ്പോഴെങ്കിലും അവ വായിക്കാൻ പഠിക്കുമെന്ന പ്രതീക്ഷയിൽ ദിവസവും അവയ്ക്ക് പൂമാല അണിയിച്ച് ആദരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 84-ാം വയസ്സിലും അവയൊന്നും വായിക്കാൻ പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ഇപ്പോഴും വലിയ ഖേദമായി തുടരുകയാണെന്നും ബച്ചൻ കൂട്ടിച്ചേർത്തു.

ALSO READ:‘കുട്ടികളില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ ഇത് സർപ്രൈസ്’..! ഗർഭിണിയായ വിവരം അറിഞ്ഞത് പാട്ടിന്റെ ഷൂട്ടിനിടെ, സാമന്ത പറയുന്നു

1979ൽ ‘മിസ്റ്റർ നട്‌വർലാൽ’ എന്ന ചിത്രത്തിലെ ‘മേരെ പാസ് ആവോ മേരെ ദോസ്തോ’ എന്ന ഗാനത്തിലൂടെയാണ് ബച്ചൻ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. തുടർന്ന് ‘സിൽസില’യിലെ ‘രംഗ് ബർസെ’, ‘ലാവാരിസ്’ലെ ‘മേരെ അംഗനേ മേം’, ‘അമർ അക്ബർ ആന്റണി’യിലെ ‘മൈ നെയിം ഈസ് ആന്റണി ഗോൺസാൽവസ്’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.

പിന്നീട് ഇടവേളയ്ക്ക് ശേഷം ‘ബാഗ്ബാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയും ‘വസീർ’, ‘102 നോട്ട് ഔട്ട്’ തുടങ്ങിയ സിനിമകളിലൂടെയും ബച്ചൻ തന്റെ ആലാപനം തുടർന്നു. അഭിനയത്തിനൊപ്പം ആലാപനത്തിലും ശ്രദ്ധേയനായിട്ടും ഒരു സംഗീതോപകരണം സ്വന്തമായി വായിക്കാൻ അറിയില്ലെന്ന കാര്യം തന്നെയാണ് ഇന്നും താരത്തിന്റെ ബാക്കിയായ ആഗ്രഹം.

Share Email
Top