ഹോണ്ട-നിസാൻ ലയനം ഉപേക്ഷിച്ചു

അതേസമയം, ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് നിസാനും ഹോണ്ടയും അറിയിച്ചു

ഹോണ്ട-നിസാൻ ലയനം ഉപേക്ഷിച്ചു
ഹോണ്ട-നിസാൻ ലയനം ഉപേക്ഷിച്ചു

യന ചർച്ചകൾ ഉപേക്ഷിച്ചതായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസാനും. ലയനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പുവെച്ച ധാരണപത്രത്തിൽ പിന്മാറുന്നതായി ഇരു കമ്പനികളും വ്യക്തമാക്കി. നിസാൻ-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു കമ്പനി ആരംഭിക്കാനുള്ള ചർച്ചകളായിരുന്നു ആദ്യഘട്ടത്തിൽ നടന്നിരുന്നത്. നിസാനെ ഉപ കമ്പനിയാക്കാനുള്ള ഹോണ്ടയുടെ നിർദേശവും മറ്റ് അഭിപ്രായ വ്യത്യാസങ്ങളുമാണ് ലയനത്തിന് തിരിച്ചടിയായത് എന്നാണ് റിപ്പോർട്ട്. അതേസമയം, ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് നിസാനും ഹോണ്ടയും അറിയിച്ചു.

മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിത്‌സുബിഷിയും ഹോണ്ടയ്ക്കും നിസാനും ഒപ്പം പങ്കാളിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാൽ ലയനത്തിന് മിസ്തുബിഷിയ്ക്കും ഇപ്പോൾ താൽപര്യമില്ലെന്നാണ് വിവരം. നിലവിൽ ഫ്രഞ്ച് കമ്പനിയായ റോനോ, മിത്‌സുബിഷി എന്നീ കമ്പനികളുമായി ആ​ഗോളതലത്തിൽ നിസാൻ സഖ്യത്തിലാണ്. നിസാനിൽ 36 ശതമാനം ഓഹരി നിക്ഷേപം റെനോയ്ക്കുണ്ട്. എന്നാൽ ഐഫോൺ നിർമാണ കരാർ കമ്പനിയായ ഫോക്‌സ്‌കോണുമായി ഈ നിക്ഷേപം വിൽക്കാനുള്ള ചർച്ചകൾ റെനോ ആരംഭിച്ചതായാണ് റിപ്പോർട്ട്.

Also Read: അമ്പമ്പോ..! 10 മാസത്തിനകം വിറ്റത് 1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍

ഇ.വി. വിപണിയില്‍ വെല്ലുവിളി ഉയർന്നതോടെയാണ് ഹോണ്ടയും നിസാനും ഒന്നിക്കാനുള്ള നീക്കങ്ങളിലേക്ക് കടന്നത്. അമേരിക്കൻ ഭീമനായ
ടെസ്‌ലയ്ക്കും മറ്റ് ചൈനീസ് കമ്പനികൾക്കും ഒപ്പമെത്തുകയായിരുന്നു ലക്ഷ്യം. ഇ.വി.കളുടെ കടന്നുവരവോടെ യൂറോപ്പിലും അമേരിക്കയിലും ഇരുകമ്പനികള്‍ക്കും കടുത്ത മത്സരം നേരിടേണ്ടിവന്നിരുന്നു. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസാനും വന്‍ ഇടിവുണ്ടായി. ഇതും പുതിയനീക്കത്തിന് കാരണമായിരുന്നു. ടൊയോട്ട കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളാണ് ഹോണ്ട. നിസാൻ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. ലയനം പൂർത്തിയായാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമ്മാതാക്കളായി ഹോണ്ട – നിസാൻ മാറുമെന്നായിരുന്നു കരുതിയിരുന്നത്.

Share Email
Top