എറണാകുളം: തൃപ്പുണിത്തുറ പൂർണ്ണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. എഴുന്നള്ളത്ത് നടത്തിയതിൽ ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി വിമർശിച്ചു.
കോടതി ഉത്തരവ് ലംഘിച്ച് ഭക്തർ പറയുന്നത് പോലെയാണോ ചെയ്യേണ്ടതെന്ന് ദേവസ്വം ബോർഡ് ഓഫീസറോട് കോടതി ചോദിച്ചു. ചെറിയ ബുദ്ധിയിൽ തോന്നുന്ന കാര്യങ്ങൾ ഇവിടെ ഇറക്കാൻ നിൽക്കരുതെന്ന് പറഞ്ഞ കോടതി ദേവസ്വം ബോർഡ് ഓഫീസറുടെ സത്യവാങ്മൂലം തള്ളുകയും ചെയ്തു.
Also Read: റോഡിലെ റീൽസ് ചിത്രീകരണം; നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോടതി നിർദേശങ്ങൾ എന്തുകൊണ്ടാണ് മുഖവിലയ്‌ക്കെടുക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മഴയും ആൾക്കൂട്ടവും വരുമ്പോൾ അപകടമുണ്ടാകാതിരിക്കാനാണ് മുന്നറിയിപ്പും മാർഗ നിർദേശങ്ങളും നൽകുന്നത്. ഇത് പാലിക്കാതെ എന്തെങ്കിലും അപകടമുണ്ടായാൽ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
ലക്ഷങ്ങൾ നൽകിയും ആനകളെ എത്തിക്കാൻ ഒരു മടിയുമില്ല. കുറേ പടക്കം പൊട്ടിക്കും. എന്നാൽ ചുറ്റുമുള്ള ആളുകളെ കുറിച്ച് ഒരു ചിന്തയുമില്ല. ഭക്തരുടെ ജീവനാണ് അപകടത്തിലാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.