റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍

റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍

ടെഹ്റാന്‍: പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകട മരണത്തില്‍ ഇറാന്‍ സായുധസേന നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്നിമാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്നതിന് ശേഷം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചു.

അപകടത്തിന് മുമ്പ് ഹെലികോപ്റ്റര്‍ മുന്‍ നിശ്ചയിച്ച വഴികളിലൂടെ തന്നെയാണ് സഞ്ചരിച്ചതെന്നും അതില്‍ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നതിൻ്റെ ഒരു മിനിറ്റ് മുമ്പ് തകര്‍ന്ന ഹെലികോപ്റ്ററിൻ്റെ പൈലറ്റ് അകമ്പടിയായി വന്ന മറ്റ് ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങളില്‍ നിന്ന് വെടിയുണ്ടകളോ മറ്റ് സ്ഫോടക വസ്തുക്കളോ പതിച്ചതിൻ്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. മലമുകളില്‍ ഇടിച്ച് ഹെലികോപ്റ്ററിന് തീ പിടിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം ഒരു ദിവസം നീണ്ടു നിന്നിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ച് മണിക്ക് ഡ്രോണുകളുടെ സഹായത്തോടയൊണ് അപകടം നടന്ന സ്ഥലം തിരിച്ചറിഞ്ഞത്. ഹെലികോപ്റ്ററിലെ ജീവനക്കാരുടെ സംഭാഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഞായറാഴ്ചായാണ് റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.

Top