സര്‍ക്കാരിന്റെ എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല; എം വി ഗോവിന്ദന്‍

സര്‍ക്കാരിന്റെ എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സര്‍ക്കാരിന് കോഴ നല്‍കാനായി പണം പിരിക്കണമെന്ന ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദസന്ദേശത്തിന്റെ പേരില്‍ എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല.

മുന്നണി ചര്‍ച്ച ചെയ്യാത്ത മദ്യനയം ചര്‍ച്ച ചെയ്‌തെന്നാണ് ചിലര്‍ പറയുന്നത്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വ്യാജ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മദ്യനയത്തെ സംബന്ധിച്ച് എല്‍ഡിഎഫോ പാര്‍ട്ടിയോ ചര്‍ച്ച ചെയ്തിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചാല്‍ അതിനു പുറകേ പോകേണ്ട കാര്യമില്ല.
വകുപ്പ് സെക്രട്ടറിമാരല്ല മദ്യനയം രൂപീകരിക്കുന്നത്. പാര്‍ട്ടി ഇതുസംബന്ധിച്ച് ഒരു നയം ഉണ്ടാക്കണം. അതിനുശേഷം എല്‍ഡിഎഫ് നയം രൂപീകരിക്കും. അതിനുശേഷമാണ് സര്‍ക്കാര്‍ നയം രൂപീകരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

ഡ്രൈ ഡേ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഡ്രൈ ഡേ മാറ്റണമെന്ന് പണ്ടേയുള്ള ആവശ്യമാണ്. അതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒഴിവാകും. ഇല്ലെങ്കില്‍ ഒഴിവാകില്ല. ബാര്‍കോഴ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ക്ക് പ്രതിപക്ഷം പ്രചാരം നല്‍കുകയാണ്. മദ്യനയം രൂപീകരിക്കാന്‍ ആരോടെങ്കിലും പണം വാങ്ങുന്ന മുന്നണിയല്ല എല്‍ഡിഎഫ്. ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ഫോണ്‍ സന്ദേശത്തിന്റെ ഓഡിയോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യസഭാ സീറ്റില്‍ തീരുമാനമായിട്ടില്ലെന്നും, വേഗത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Top