ഇന്ത്യൻ രാജകീയ പൈതൃകത്തിന്റെ അപൂർവ ഭാഗമായ ‘ദി ഗോൽകൊണ്ട ബ്ലൂ’ വജ്രം ലേലത്തിൽ വെക്കുന്നു. ഇൻഡോറിലെയും ബറോഡയിലെയും രാജാക്കന്മാരുടെ കൈവശമുണ്ടായിരുന്ന ചരിത്രപരമായി ഏറെ വിശേഷങ്ങളുള്ള വജ്രമാണ് മേയ് 14ന് ജനീവയിൽ നടക്കുന്ന ലേലത്തിൽ വെക്കുന്നത്. ക്രിസ്റ്റീസ് ഇന്റർനാഷണൽ ജ്വല്ലറിയുടെ ‘മാഗ്‌നിഫിഷ്യന്റ് ജുവൽസ്’ എന്ന പരിപാടിയിലാണ് വജ്രത്തിന്റെ ലേലം നടക്കുന്നത്. പാരീസിലെ പ്രശസ്ത ഡിസൈനറായ ജെ.എ.ആർ നിർമ്മിച്ച ആധുനിക മോതിരത്തിൽ ഘടിപ്പിച്ചിട്ടുള്ളത് 23.24 കാരറ്റ് ഭാരമുള്ള ഈ നീല വജ്രമാണ്. ഈ വജ്രത്തിന് ഏകദേശം 35 മുതൽ 50 മില്യൺ യു.എസ് ഡോളർ (300 – 430 കോടി രൂപ) വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:കുരുമുളകിൻ്റെ വിലയിൽ കുതിപ്പ്
രാജകീയ പൈതൃകം, അസാധാരണമായ നിറം, വലുപ്പത്തിലെ വ്യത്യാസം എന്നി സവിഷേതകൾ കൊണ്ട് സമൃദ്ധമാണ് ഗോൾക്കൊണ്ട നീല വജ്രം. ഇത് ലോകത്തിലെ അപൂർവമായ നീല വജ്രങ്ങളിൽ ഒന്നാണ്. ഇതിന് ഏകദേശം 259 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വജ്രങ്ങൾ ഉത്പാദിപ്പിക്കുന്നതിന് പേരുകേട്ട ഇന്നത്തെ തെലങ്കാനയിലെ ഐതിഹാസിക ഗോൽക്കൊണ്ട ഖനികളിലാണ് ഈ വജ്രത്തിന്റെ ഉത്ഭവം. ‘ദി ഗോൽക്കൊണ്ട ബ്ലൂ’ ഒരിക്കൽ ഇൻഡോറിലെ മഹാരാജാ യശ്വന്ത് റാവു ഹോൾക്കർ രണ്ടാമന്റേതായിരുന്നതായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്. ജനീവയിലെ ഹോട്ടൽ ബെർഗ്യൂസിലാണ് മേയ് 14ന് ലേലം നടക്കുന്നത്.