തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതി; തേജസ്വിനി ഗൗഡ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതി; തേജസ്വിനി ഗൗഡ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ഡല്‍ഹി: കര്‍ണ്ണാടക എംഎല്‍സി സ്ഥാനം രാജിവെച്ച തേജസ്വിനി ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കാത്ത ബിജെപിയില്‍ തുടരാകില്ലെന്ന് തേജസ്വിനി ഗൗഡ പറഞ്ഞു. 2004 മുതല്‍ 2009 വരെ കോണ്‍ഗ്രസ് എംപിയായിരുന്ന തേജസ്വിനി 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭൂതിയാണെന്നും തേജസ്വിനി പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പവന്‍ ഖേര എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

‘കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ഊര്‍ജസ്വലയായ നേതാവ് തേജസ്വിനി ഗൗഡയ്ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തേജസ്വിനിയുടെ സജീവ സാന്നിധ്യം ഉണ്ടാവുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. തിരിച്ചെത്തിയതില്‍ സന്തോഷം.’ എന്ന് ജയറാം രമേശ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ 28 സീറ്റില്‍ കോണ്‍ഗ്രസ് 23 സീറ്റില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം ഗൗഡയും പങ്കുവെച്ചു. ബിജെപിയില്‍ ചേര്‍ന്നശേഷം 2018 ലായിരുന്നു അവര്‍ എംഎല്‍സിയായത്. എന്നാല്‍ ജൂണ്‍ 17 ന് കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം ചുമതലയൊഴിയുകയായിരുന്നു. ഇത്തവണ സിറ്റിംഗ് എംപി പ്രതാപ് സിംഹയെ മത്സരിപ്പിക്കാത്തതിനാല്‍ മൈസൂരു- കുടക് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തേജസ്വിനി. എന്നാല്‍ മൈസൂരു, മൈസൂരു രാജകുടുംബത്തിലെ യദുവര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അന്നുമുതല്‍ അതൃപ്തിയിലാണ് തേജസ്വിനി.

Top