CMDRF

പരോള്‍സമയത്ത് ജയില്‍പുള്ളികളുടെ ‘നല്ലനടപ്പ്’ ഇനി വീട്ടുകാര്‍ ഉറപ്പാക്കണം

പരോള്‍സമയത്ത് ജയില്‍പുള്ളികളുടെ ‘നല്ലനടപ്പ്’ ഇനി വീട്ടുകാര്‍ ഉറപ്പാക്കണം
പരോള്‍സമയത്ത് ജയില്‍പുള്ളികളുടെ ‘നല്ലനടപ്പ്’ ഇനി വീട്ടുകാര്‍ ഉറപ്പാക്കണം

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍. പരോള്‍കാലയളവില്‍ പ്രശ്നങ്ങളുണ്ടാക്കാതെ നോക്കാമെന്ന് കുടുംബം ഉറപ്പ് നല്‍കിയാല്‍ മാത്രം ഇനി ജയില്‍പുള്ളികള്‍ക്ക് പരോള്‍ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇങ്ങനെ ഉറപ്പ് നല്‍കി പുറത്തിറങ്ങുന്ന ജയില്‍പുള്ളി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇനി കുടുംബത്തിന് മാത്രമായിരിക്കും.

ജയില്‍പുള്ളിയെ പരോളിന് കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്ന ബന്ധു ഇത്തരത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ജയില്‍സൂപ്രണ്ടിന് എഴുതി നല്‍കണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോളിനിറങ്ങി സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരോള്‍ കാലാവധി തീരുന്ന ജയില്‍പുള്ളികളെ ജയിലില്‍ ഇനി തിരികെ എത്തിക്കേണ്ട ഉത്തരവാദിത്വവും കുടുംബത്തിനായിരിക്കും. പരോളിനായി നാട്ടിലെത്തുന്ന ജയില്‍പുള്ളി ഇനിമുതല്‍ സ്ഥലം സബ് ഇന്‍സ്പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും. ഇന്‍സ്പെക്ടറുടെ അനുമതിയില്ലാതെ ജയില്‍പുള്ളി സ്റ്റേഷന്‍ പരിധിവിട്ടു പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പരോള്‍ കാലാവധി തീരുന്ന മുറയ്ക്ക് ആ വിവരവും പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. പരോള്‍ കഴിഞ്ഞ് തിരികെ ജയിലെത്തുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ നല്‍കുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. പരോള്‍കാലയളവില്‍ ജയില്‍പുള്ളി എന്തെങ്കിലും പ്രശ്നം സൃഷ്ടിച്ചാല്‍ പരോള്‍ റദ്ദാക്കി തിരികെ വിളിക്കാന്‍ ജയില്‍സൂപ്രണ്ട് അതതു പ്രദേശത്തെ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

Top