കുഞ്ഞിനെ പട്ടിണിക്കിട്ട് പരീക്ഷണം, മുലപ്പാല്‍ പോലും എതിര്‍ത്തു; വ്ളോഗര്‍ക്ക് എട്ടുവര്‍ഷം തടവ്

കുഞ്ഞിനെ പട്ടിണിക്കിട്ട് പരീക്ഷണം, മുലപ്പാല്‍ പോലും എതിര്‍ത്തു;  വ്ളോഗര്‍ക്ക് എട്ടുവര്‍ഷം തടവ്

മോസ്‌കോ: ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് പരീക്ഷണം നടത്തി കൊലപ്പെടുത്തി. സംഭവത്തില്‍ റഷ്യന്‍ വ്ളോഗറും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മാക്സിം ല്വിതി(48)യെ കോടതി എട്ടുവര്‍ഷം ശിക്ഷിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പോഷകാഹാരക്കുറവും ന്യൂമോണിയയും കാരണം മാക്സിമിന്റെ ആണ്‍കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

വ്ളോഗറായ മാക്സിം വിചിത്രമായ ജീവിതരീതികളാണ് പിന്തുടര്‍ന്നിരുന്നത്. കാമുകിയും കുഞ്ഞിന്റെ അമ്മയുമായ ഒക്സാന മിറാനോവയെ ഗര്‍ഭകാലത്ത് പോലും ഇയാള്‍ ആശുപത്രിയില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍തന്നെയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

‘കോസ്മോസ്’ എന്ന് പേരിട്ടിരുന്ന കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് പോലും മാക്സിം എതിര്‍ത്തിരുന്നു. കുഞ്ഞിന് ജീവിക്കാന്‍ സൂര്യപ്രകാശം മതിയെന്നും സൂര്യനില്‍നിന്ന് കുഞ്ഞിന് ആവശ്യമായതെല്ലാം ലഭിക്കുമെന്നുമായിരുന്നു ഇയാളുടെ വിശ്വാസം. സസ്യാഹാരങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ചില വിചിത്ര ഡയറ്റുകള്‍ പിന്തുടര്‍ന്നിരുന്ന പ്രതി, കുഞ്ഞിനെ ഒരു പരീക്ഷണവസ്തുവായാണ് കണ്ടത്. സൂര്യന്റെ പ്രകാശം കൊണ്ട് മാത്രം കുഞ്ഞിനെ വളര്‍ത്തുകയും ഇത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമാണ് ഇയാള്‍ ആഗ്രഹിച്ചിരുന്നത്. പരമ്പരാഗതമായ ചികിത്സപോലും കുഞ്ഞിന് നിഷേധിച്ചു. കൂടുതല്‍ കരുത്തുണ്ടാകുമെന്ന് കരുതി കുഞ്ഞിനെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു.

തീര്‍ത്തും അവശനായതോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാക്സിം അനുവദിച്ചത്. എന്നാല്‍, അപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും 2023 മാര്‍ച്ച് എട്ടിന് കുഞ്ഞിന് മരണം സംഭവിക്കുകയുമായിരുന്നു.

കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് മാക്സിമിനെയും കുഞ്ഞിന്റെ അമ്മ ഒക്സാന മിറോനോവയെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലടച്ചതിന് പിന്നാലെ പ്രതി മാക്സിം താന്‍ പിന്തുടര്‍ന്നിരുന്ന വിചിത്ര വിശ്വാസങ്ങളും ഡയറ്റുമെല്ലാം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇയാള്‍ ഇറച്ചി ഉള്‍പ്പെടെ കഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top