സെര്‍ബിയയിലെ ലിഥിയം ശേഖരത്തില്‍, പ്രത്യേകിച്ച് ജാദര്‍ നിക്ഷേപത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ തന്ത്രപരമായ നിക്ഷേപം വലിയ വിവാദങ്ങള്‍ക്കും പാരിസ്ഥിതിക ആശങ്കകള്‍ക്കുമാണ് കാരണമായത്. 1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും യൂറോപ്പിന്റെ ആവശ്യകതയുടെ 25% നിറവേറ്റാനും ആവശ്യമായ ലിഥിയം അടങ്ങിയിരിക്കുമെന്ന് കണക്കാക്കപ്പെടുന്ന ഈ നിക്ഷേപം, യൂറോപ്യന്‍ യൂണിയന്റെ ഹരിത ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തിന് നിര്‍ണായകമാണ്.
എന്നിരുന്നാലും, ആഗോള ഖനന കമ്പനിയായ റിയോ ടിന്റോ വികസിപ്പിച്ചെടുത്ത ഈ പദ്ധതിക്ക് കാര്യമായ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഇത് ബ്രസ്സല്‍സുമായുള്ള സെര്‍ബിയയുടെ ബന്ധത്തെ വഷളാക്കുകയും അതിന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ അഭിലാഷങ്ങളെ ഇത് ബാധിക്കുകയും ചെയ്തു. ഈ പദ്ധതിക്ക് ക്രിട്ടിക്കല്‍ റോ മെറ്റീരിയല്‍സ് ആക്ട് (CRMA) പ്രകാരം ബ്രസ്സല്‍സില്‍ നിന്ന് നിര്‍ണായക പിന്തുണ ലഭിക്കുമെന്നതില്‍ അതിശയിക്കാനില്ല. അവശ്യ വിഭവങ്ങള്‍ക്കായി ചൈനയെ വന്‍തോതില്‍ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപങ്ങളില്‍ ഒന്നാണ് ജാദര്‍ ഖനി. പടിഞ്ഞാറന്‍ സെര്‍ബിയയിലെ മാക്വ ജില്ലയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ജാദര്‍ ഖനിയില്‍ 118 ദശലക്ഷം ടണ്‍ അയിര് ഗ്രേഡും, 1.8% ലിഥിയം ഓക്‌സൈഡിന്റെ കരുതല്‍ ശേഖരവുമുണ്ട്. 2004 ലാണ് ഈ നിക്ഷേപം കണ്ടെത്തിയത്. വലിയ പരിസ്ഥിതി പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2022 ജനുവരിയില്‍ സെര്‍ബിയന്‍ സര്‍ക്കാര്‍ ജാദര്‍ പദ്ധതിയുടെ ലൈസന്‍സുകള്‍ റദ്ധാക്കുകയായിരുന്നു.
അതിന് ശേഷമാണ് 2024 ജനുവരിയില്‍, സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക്, റിയോ ടിന്റോയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും പദ്ധതി മുന്നോട്ട് പോകണമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പൊതുചര്‍ച്ചകള്‍ നടത്തണമെന്നും പ്രസ്താവിച്ച് രംഗത്തെത്തിയത്. ചര്‍ച്ച പൂര്‍ത്തിയാകുകയാണെങ്കില്‍, യൂറോപ്പിന്റെ നിലവിലെ ലിഥിയം ആവശ്യങ്ങളുടെ 90% ഈ പദ്ധതി നിറവേറ്റുകയും റിയോ ടിന്റോയെ ഒരു മുന്‍നിര ലിഥിയം ഉല്‍പ്പാദകരാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്യും.

എന്നിരുന്നാലും, ഇത് പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനെതിരെ സെര്‍ബികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ്, ഏകദേശം 40 ശതമാനം വരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള പിന്തുണയെ ദുര്‍ബലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളോടുള്ള അവിശ്വാസവും വര്‍ദ്ധിച്ചുവരുന്ന അവകാശനിഷേധ ബോധവും ജനങ്ങള്‍ക്കിടയില്‍ പടരുന്നതിനാല്‍ ഇത് വന്‍തോതില്‍ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
സമ്പന്നമായ ജൈവവൈവിധ്യത്തിനും കാര്‍ഷിക ഭൂമിക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട പ്രദേശമായ ജാദര്‍ താഴ്വരയില്‍ ഈ ഖനി പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അത് വന്‍ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ജലമലിനീകരണം, കൃഷിഭൂമിയുടെ നാശം, ആവാസവ്യവസ്ഥയ്ക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ എന്നിവയൊക്കെയുണ്ടാകുമെന്ന ആശങ്കയിലാണ് വിമര്‍ശകര്‍. പദ്ധതിയുടെ വികസനത്തെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയുടെ അഭാവവും സര്‍ക്കാര്‍ സ്വന്തം പൗരന്മാരുടെ താല്‍പര്യത്തെക്കാള്‍ കോര്‍പ്പറേറ്റ്, ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുകയാണെന്ന വ്യാപകമായ പ്രതിഷേധവും ഈ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
Also Read: പാക്കിസ്ഥാനെ ഏത് നിമിഷവും ഇന്ത്യ ആക്രമിക്കും, കനത്ത തിരിച്ചടിക്ക് തയ്യാറായി സൈന്യം
യൂറോപ്യന്‍ യൂണിയന്‍ പിന്തുണയുള്ള പദ്ധതികള്‍ യൂറോപ്യന്‍ കമ്മീഷന്‍ ഫോര്‍ പ്രോസ്‌പെരിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെഫാന്‍ സെജോര്‍ണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി ബ്രസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്ത രീതിയിലും നാല് മാസത്തിലേറെയായി തുടരുന്ന അദ്ദേഹത്തിന്റെ ഭരണത്തിനെതിരായ വ്യാപകമായ പ്രതിഷേധങ്ങളിലും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു.
മാത്രമല്ല, യൂറോപ്യന്‍ യൂണിയന്റെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശവും അലക്‌സാണ്ടര്‍ വുസികിന് അവര്‍ നല്‍കി. പതിയെ പതിയെ സെര്‍ബിയയെ യൂറോപ്യന്‍ യൂണിയന്റെ ഒരു കോളനിയാക്കുകയാണോ ഇത്തരം പദ്ധതികളുടെ ഒക്കെ ലക്ഷ്യം എന്നതും ചിന്തിക്കേണ്ടതാണ്. അത്തരത്തില്‍ യൂറോപ്പിന് കിട്ടിയ ഒരു ഇരയാണ് സെര്‍ബിയ എങ്കില്‍ അത് യൂറോപ്യന്‍ യൂണിയനെതിരെ ഒരു ജനരോഷമുണ്ടാകാനുള്ള വഴി തുറക്കുകയാണ്.

അതേസമയം, പദ്ധതിയെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചാല്‍, അടിസ്ഥാന മൂല്യങ്ങളെക്കാള്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കാണ് ആ കൂട്ടായ്മ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാകുമെന്നും, കൂടാതെ സെര്‍ബിയയില്‍ ഇതിന്റെ ഫലമായി വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഖനന പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ബെല്‍ഗ്രേഡ് ആസ്ഥാനമായുള്ള ഗവേഷകനായ അലക്‌സാണ്ടര്‍ മാറ്റ്‌കോവിച്ച് പറഞ്ഞത്.
സെര്‍ബിയയ്ക്ക് ജാദര്‍ നിക്ഷേപങ്ങള്‍ എത്രത്തോളം നിര്‍ണായകമാണോ, ഇത് യൂറോപ്യന്‍ യൂണിയനും, മുഴുവന്‍ ഓട്ടോമോട്ടീവ് മേഖലയ്ക്കും അത്രത്തോളം നിര്‍ണായകമാണ്’ എന്നാണ് യൂറോപ്യന്‍ നിയമനിര്‍മ്മാതാവായ ഹില്‍ഡെഗാര്‍ഡ് ബെന്റ് പറഞ്ഞത്. എന്നാല്‍ സെര്‍ബിയയിലെ പലര്‍ക്കും, ജാദര്‍ പദ്ധതിയെ പറ്റി അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. യൂറോപ്യന്‍ യൂണിയനും ഒരു ഖനന ഭീമനും കൂടെ രാജ്യത്ത് നടത്തുന്ന ഒരു നശീകരണ പ്രവര്‍ത്തനമായാണ് പലരും അതിനെ കാണുന്നത്. പൊതുജനങ്ങളുടെ ആശങ്കകള്‍ അവഗണിച്ച് യൂറോപ്പിന്റെ വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസികിന്റെ ഭരണത്തോട് കടുത്ത എതിര്‍പ്പ് തുടരാനുള്ള കാരണമാകുമെന്നതിന് സംശയമില്ല.