“ശത്രു തകരും!”ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾ റഷ്യയുടെ അടുത്ത ലക്ഷ്യമോ? രണ്ടും കൽപ്പിച്ച് പുടിൻ…

ഇതോടെ റഷ്യ-അമേരിക്ക ബന്ധത്തിൽ യുദ്ധത്തിനപ്പുറമുള്ള മറ്റൊരു വാതിൽ ഇപ്പോഴും തുറന്നുകിടക്കുന്നതായാണ് പുടിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരുവശത്ത് അമേരിക്ക യുക്രെയ്‌നിനെ പിന്തുണയ്ക്കുമ്പോൾ മറുവശത്ത് അമേരിക്കയിലെ ചില വ്യക്തികളുമായി റഷ്യ നേരിട്ടുള്ള ആശയവിനിമയം തുടരുന്നുവെന്നത് ഈ സംഘർഷത്തിന്റെ സങ്കീർണ്ണത വ്യക്തമാക്കുന്നു

“ശത്രു തകരും!”ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾ റഷ്യയുടെ അടുത്ത ലക്ഷ്യമോ? രണ്ടും കൽപ്പിച്ച് പുടിൻ…
“ശത്രു തകരും!”ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾ റഷ്യയുടെ അടുത്ത ലക്ഷ്യമോ? രണ്ടും കൽപ്പിച്ച് പുടിൻ…

മാധാനത്തിന്റെ വാക്കുകൾക്കായി ലോകം കാത്തിരിക്കുമ്പോൾ, റഷ്യയിൽ നിന്ന് മുഴങ്ങിയത് മറ്റൊരു സന്ദേശമായിരുന്നു “ശത്രു തകരും! ” യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുറന്നടിച്ച കടുത്ത നിലപാട് യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. റഷ്യൻ സൈന്യം മുന്നേറ്റത്തിന്റെ വേഗം വർധിപ്പിക്കുകയാണെന്നും, തങ്ങളുടെ സിവിലിയൻ-ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും പുടിൻ പ്രഖ്യാപിച്ചു. അതിലും കടുത്ത സന്ദേശമായി, യുക്രെയ്‌നിലെ ബ്രിട്ടീഷ് ഉൾപ്പെടെയുള്ള പാശ്ചാത്യ സൈനിക സൗകര്യങ്ങൾ റഷ്യയുടെ “നിയമാനുസൃത ലക്ഷ്യങ്ങൾ” ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പിൻവാങ്ങില്ല, സമ്മർദ്ദത്തിന് വഴങ്ങില്ല, തിരിച്ചടിക്ക് തയ്യാറാണ്, പുടിന്റെ വാക്കുകൾ നൽകുന്ന സന്ദേശം ഇതാണ്. യുദ്ധത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.

കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുടിൻ. യുക്രെയ്‌നിലെ യുദ്ധത്തിന്റെ നിലവിലെ അവസ്ഥ, റഷ്യൻ സൈനിക മുന്നേറ്റം, യുക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ, സിവിലിയൻ വ്യോമയാനത്തെക്കുറിച്ചുള്ള ഭീഷണികൾ, പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ, അമേരിക്കയുമായുള്ള രഹസ്യാന്വേഷണ ബന്ധങ്ങൾ, ബ്രിട്ടന്റെയും ജർമ്മനിയുടെയും പങ്കാളിത്തം തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. റഷ്യൻ മാധ്യമമായ റഷ്യ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുടിന്റെ ഈ പരാമർശങ്ങൾ വിശദമായി പ്രത്യക്ഷപ്പെട്ടത്.

എന്നാൽ യുദ്ധത്തിന്റെ അന്തിമ വഴിത്തിരിവ് എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പറയാൻ പുടിൻ തയ്യാറായില്ല. യുദ്ധം സ്വഭാവതാൽ തന്നെ ക്രൂരവും പ്രവചിക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്നും അതിനാൽ നിർണായക ഘട്ടത്തിന്റെ കൃത്യമായ സമയക്രമം പ്രവചിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, “ശത്രു തകരുമെന്നതിൽ എനിക്ക് സംശയമില്ല” എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. റഷ്യയുടെ ലക്ഷ്യം യുദ്ധം താൽക്കാലികമായി മരവിപ്പിക്കുക മാത്രമല്ലെന്നും, യുക്രെയ്‌നിലും യൂറോപ്പിലും ദീർഘകാലവും സമ്പൂർണ്ണവുമായ സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പുടിൻ പറഞ്ഞു.

“ഭീകരരുമായി ചർച്ച നടത്തരുത്” എന്ന നിലപാടും പുടിൻ ആവർത്തിച്ചു. എന്നാൽ യുക്രെയ്ൻ രാഷ്ട്രീയ-സൈനിക നേതൃത്വത്തിനെതിരെ നേരിട്ട് ആക്രമണം നടത്തുന്നതിൽ റഷ്യ ഇതുവരെ നിയന്ത്രണം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കാരണം, ഭാവിയിൽ യുക്രെയ്ൻ ഭാഗത്തുള്ള അതേ ആളുകളുമായി ചർച്ചകൾ നടത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് റഷ്യ കണക്കാക്കുന്നതെന്ന് പുടിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. എന്നാൽ സിവിലിയൻ വ്യോമയാനത്തിനെതിരായ ആക്രമണങ്ങൾ യാഥാർഥ്യമാകുന്ന സാഹചര്യമുണ്ടായാൽ റഷ്യയുടെ പ്രതികരണം കൂടുതൽ കടുത്തതായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

ഇതിനിടെ, റഷ്യൻ നഗരങ്ങളിലെയും ഊർജ അടിസ്ഥാന സൗകര്യങ്ങളിലെയും ആക്രമണങ്ങൾക്കെതിരെ യുക്രെയ്‌നിന് ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. രാജ്യ തലസ്ഥാനമായ മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും എണ്ണ ശുദ്ധീകരണശാലകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടാനും ഉക്രെയ്ൻ ഡ്രോണുകൾ ശ്രമിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഈ ആക്രമണങ്ങൾ റഷ്യൻ പ്രതിരോധസേന തടഞ്ഞുവെന്നും പുടിൻ പറഞ്ഞു.

അതേസമയം, അമേരിക്കയുമായുള്ള റഷ്യയുടെ രഹസ്യാന്വേഷണ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പുടിൻ മറുപടി നൽകി. റഷ്യൻ-അമേരിക്കൻ രഹസ്യാന്വേഷണ മേധാവികൾ തമ്മിലുള്ള ആശയവിനിമയം അസാധാരണമല്ലെന്നും, ശീതയുദ്ധകാലത്തുപോലും ഇരു രാജ്യങ്ങൾക്കും ഇത്തരം ആശയവിനിമയ ചാനലുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അടുത്ത വിശ്വസ്തരായ ജാരെഡ് കുഷ്നറിനെയും സ്റ്റീവ് വിറ്റ്കോഫിനെയും പുടിൻ പ്രത്യേകം പരാമർശിച്ചു. ഇരുവരും റഷ്യക്ക് സ്വാഗത അതിഥികളാണെന്നും അവരുമായി പ്രവർത്തിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ റഷ്യ-അമേരിക്ക ബന്ധത്തിൽ യുദ്ധത്തിനപ്പുറമുള്ള മറ്റൊരു വാതിൽ ഇപ്പോഴും തുറന്നുകിടക്കുന്നതായാണ് പുടിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരുവശത്ത് അമേരിക്ക യുക്രെയ്‌നിനെ പിന്തുണയ്ക്കുമ്പോൾ മറുവശത്ത് അമേരിക്കയിലെ ചില വ്യക്തികളുമായി റഷ്യ നേരിട്ടുള്ള ആശയവിനിമയം തുടരുന്നുവെന്നത് ഈ സംഘർഷത്തിന്റെ സങ്കീർണ്ണത വ്യക്തമാക്കുന്നു. യുക്രെയ്ൻ സമാധാന ചർച്ചകളിൽ കൂടുതൽ രാജ്യങ്ങൾക്കും പങ്കാളികൾക്കും യഥാർത്ഥ സംഭാവന നൽകാൻ കഴിയുമെങ്കിൽ അവരെ സ്വാഗതം ചെയ്യാമെന്നും പുടിൻ പറഞ്ഞു. എന്നാൽ “അർത്ഥശൂന്യമായ നയതന്ത്രം” കൊണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ട്രംപിന്റെ ഭീഷണികൾ തള്ളി ഇറാൻ! പകച്ചുനിന്ന് അമേരിക്ക, ജോർദാനിലെയും ബഹ്‌റൈനിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ മഴ

ജർമ്മനിയുമായുള്ള ബന്ധത്തെക്കുറിച്ചും പുടിൻ കടുത്ത വിമർശനം ഉന്നയിച്ചു. ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡ്രോൺ സംഭവവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ആഭ്യന്തര രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ് ജർമ്മനി “ആക്രമണാത്മക റഷ്യ” എന്ന ഭീഷണിയെ ഉയർത്തിക്കാട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് ഗ്യാസ് വിതരണം പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ചും പുടിൻ സംസാരിച്ചു. റഷ്യക്ക് ഇപ്പോഴും ജർമ്മനിക്ക് ഗ്യാസ് നൽകാനുള്ള ശേഷിയുണ്ടെന്നും, രാഷ്ട്രീയ തീരുമാനം എടുത്താൽ അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കൻ ഉപരോധങ്ങളും യൂറോപ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും കാരണം ജർമ്മൻ നേതൃത്വത്തിന് അതിന് ആവശ്യമായ രാഷ്ട്രീയ മനസില്ലെന്നാണ് പുടിന്റെ വാദം. റഷ്യയോടുള്ള ബെർലിന്റെ ഇപ്പോഴത്തെ നയം ജർമ്മൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ചുരുക്കത്തിൽ യുക്രെയ്ൻ യുദ്ധം ഇപ്പോൾ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒതുങ്ങുന്നില്ല. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ പിന്തുണയും റഷ്യയുടെ പ്രതികരണവും ചേർന്ന് ഇത് കൂടുതൽ വലിയ യൂറോപ്യൻ സുരക്ഷാ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഒരു തെറ്റായ കണക്കുകൂട്ടൽ, ഒരു തെറ്റായ ഡ്രോൺ ആക്രമണം, ഒരു തെറ്റായ ലക്ഷ്യനിർണ്ണയം, ഇതിൽ ഏതെങ്കിലും ഒന്ന് നേരിട്ടുള്ള റഷ്യ-നാറ്റോ ഏറ്റുമുട്ടലിന്റെ വാതിൽ തുറക്കുമോ എന്ന ആശങ്കയാണ് ഏറ്റവും അപകടകരമായ വശം.

സമാധാനം വേണമെന്ന് പറയുമ്പോഴും യുദ്ധത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന പുടിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അതുകൊണ്ടുതന്നെ ലോകം ഗൗരവത്തോടെ കാണുകയാണ്. “ശത്രു തകരും” എന്ന റഷ്യൻ പ്രസിഡന്റിന്റെ ആത്മവിശ്വാസവും “റഷ്യയുടെ നിയമാനുസൃത ലക്ഷ്യങ്ങൾ” എന്ന പേരിൽ ബ്രിട്ടീഷ് സൈനിക സൗകര്യങ്ങൾക്കെതിരായ മുന്നറിയിപ്പും ഒരുമിച്ച് വായിക്കുമ്പോൾ, യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുകയാണോ, അതോ കൂടുതൽ അപകടകരമായ ഒരു ഘട്ടത്തിലേക്കാണോ പ്രവേശിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

Share Email
Top