‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം’; ഗംഗമ്മയെ പരിചയപ്പെടുത്തി തങ്കലാന്‍ ടീം

‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം’; ഗംഗമ്മയെ പരിചയപ്പെടുത്തി തങ്കലാന്‍ ടീം

മിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’. പാര്‍വതി തിരുവോത്തും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പാര്‍വതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് തങ്കലാന്‍ ടീം.

ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. ‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം’ എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം നടിക്ക് പിറന്നാളാശംസകളും തങ്കലാന്‍ ടീം നേര്‍ന്നിട്ടുണ്ട്. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കാലന്‍’ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിയാന്‍ വിക്രം നായകനായ ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.

ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താല്‍ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായ പ്രകാരമാണ് നീട്ടിവെയ്ക്കുന്നത് എന്നാണ് സൂചന. സോഷ്യല്‍ മീഡിയയിലടക്കം വലിയ ഹൈപ്പാണ് സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്. മാത്രമല്ല തങ്കലാന്‍ ഒരു വേള്‍ഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ഉറപ്പ് നല്‍കുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്.

Top