കേന്ദ്ര ഏജൻസികൾ പരിധി വിട്ടാൽ, നിയമപരമായ നടപടികൾ കേരള സർക്കാരിനും സ്വീകരിക്കേണ്ടി വരും: എൻ അരുൺ

കേന്ദ്ര ഏജൻസികൾ പരിധി വിട്ടാൽ, നിയമപരമായ നടപടികൾ കേരള സർക്കാരിനും സ്വീകരിക്കേണ്ടി വരും: എൻ അരുൺ

ബി.ജെ.പി നേതൃത്വം കേന്ദ്ര ഏജൻസികളെ മുൻ നിർത്തി ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് സി.പി.ഐ നേതാവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ. അരുൺ. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാന സർക്കാറിനുള്ള അധികാരം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുൻപ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത കാര്യവും എ.ഐ.വൈ.എഫ് നേതാവ് ചൂണ്ടിക്കാട്ടുകയുണ്ടായി.

എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖം കാണുക.

370 ഒറ്റയ്ക്കും 400 സീറ്റ് സഖ്യകക്ഷികളുമായി നേടുമെന്നാണ് മോദി അവകാശപ്പെടുന്നത്. മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമോ ?

മോദി ഗവണ്‍മെന്റിന്റെ പതനമായിരിക്കും 2024ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത്. മോദിയുടെ ഭരണം തുടര്‍ന്ന് ഈ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നില്ല എന്നുള്ളത് ബിജെപിക്കാര്‍ക്ക് തന്നെ നല്ല ബോധ്യമുണ്ട്. പൗരത്വ ഭേദഗതി നിയമവും കെജ്രവാളിന്റെ അറസ്റ്റുമെല്ലാം പരാജയഭീതിയെ തുടര്‍ന്ന് വിരളിപൂണ്ടുകൊണ്ട് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ ബിജെപിക്കും സഖ്യകക്ഷിക്കും 200 , 220 ന് അപ്പുറത്തേക്ക് പോകാനുള്ള ഒരു സാഹചര്യമില്ല.

ബിജെപിയുടെ പതനത്തിന്റെ കരണമെന്തായിരിക്കും ?

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 303 സീറ്റുകളാണ് ഉണ്ടായിരുന്നത്. 303 സീറ്റ് ബിജെപിക്ക് ലഭിച്ചു എന്ന് പറയുമ്പോള്‍ ഈ രാജ്യത്ത് കിട്ടാവുന്ന മെച്ചപ്പെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അല്ലെങ്കില്‍ വോട്ടുകള്‍ ചെയ്തിരിക്കാന്‍ ശേഷിയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒപ്പം നിര്‍ത്തി ലഭിച്ച സീറ്റുകള്‍ ആയിരുന്നു 303. ഈ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഹിന്ദു മേഖലയാണ് ബിജെപിയുടെ ശക്തി കേന്ദ്രം എന്ന് പറയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ 80 സീറ്റുകള്‍ ഉള്ള യുപി. അവിടെ 73 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചത്. 63 സീറ്റും ബിജെപിക്ക് തന്നെ ലഭിക്കുന്ന സാഹചര്യമുണ്ടായി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ചേരി തിരിഞ്ഞു മത്സരിച്ചതിനെ തുടര്‍ന്നാണ് വലിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടാക്കുവാന്‍ സാധിച്ചത്. ഇന്‍ഡ്യ മുന്നണി യാഥാര്‍ഥ്യമായതോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും മറ്റ് ഇടത്പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളെല്ലാം ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ പ്രാവശ്യം പരിപൂര്‍ണ്ണമായും തൂത്തുവാരാന്‍ ബിജെപിക്ക് ലഭിച്ചെങ്കില്‍ അതിന്റെ വിപരീത റിസള്‍ട്ട് ആയിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക. ഒരു 15 ,20 സീറ്റിന് അപ്പുറത്തേക്ക് ബിജെപിക്ക് യുപിയില്‍ ലഭിക്കുന്ന സാഹചര്യമില്ല. മഹാരാഷ്ട്രയില്‍ 49 സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളും കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ലഭിച്ചെങ്കില്‍ ഇപ്പ്രാവശ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍സിപി, ഉദ്ധവ് താക്കറെയുടെ ശിവസേന, മറ്റ് ഇടത് പ്രസ്ഥാനങ്ങള്‍, ഇന്ത്യന്‍ മുന്നണിയുടെ ഭാഗമായിട്ടുള്ള പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച് മത്സരിക്കുമ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകാന്‍ പോകുന്നു.

ബീഹാറില്‍ നിതീഷ്‌കുമാറിനെ കൂട്ടുപിടിച്ചാണ് ബിജെപി മത്സരിക്കാന്‍ പോകുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇടത് പ്രസ്ഥാനങ്ങള്‍ ഇതെല്ലാം ഒരുമിച്ച് മത്സരിക്കുമ്പോള്‍ ബീഹാറില്‍ ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിക്കും വളരെ കുറച്ച് സീറ്റുകള്‍ മാത്രമാണ് ലഭിക്കാന്‍ സാധ്യതയുള്ളത്. അവിടെ വലിയ തിരിച്ചടി അവര്‍ നേരിടാന്‍ പോവുകയാണ്. അതുപോലെ മധ്യപ്രദേശ്, ഹരിയാന, ഒറീസ, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായ ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല. ബിജെപിക്ക് ഒരു രീതിയിലും ഒരു ചലനം ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. ഡല്‍ഹിയില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കാന്‍ സാധ്യതയില്ല. ഈ പറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ 100 സീറ്റിന്റെ കുറവ് ബിജെപിക്ക് ഉണ്ടാവുകയാണ്. തമിഴ്നാട്ടിലും ഒരു സീറ്റ്പോലും ബിജെപി ലഭിക്കാന്‍ പോകുന്നില്ല.

നല്ല റിസള്‍ട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന കര്‍ണാടകയിലെ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. അവിടുത്തെ അവരുടെ സംഘടന പ്രശ്നങ്ങള്‍, ഗ്രുപ്പിസം എന്നിങ്ങനെ വലിയ സംഘര്‍ഷങ്ങളിലേക്ക് പോകുന്ന സാഹചര്യം. ബിജെപിക്ക് സാധിക്കുന്നില്ല പരിപൂര്‍ണ്ണമായ ഒരു ശൂന്യതയാണ് സൗത്ത് ഇന്ത്യയില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഉള്ളത്. ഉത്തരേന്ത്യയില്‍ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കയാണ്. 200 ല്‍ താഴെ സീറ്റ് എന്നൊരു അവസ്ഥയിലേക്ക് ബിജെപി പോവുകയാണ്. മാധ്യമങ്ങളിലൂടെ ബിജെപി വീണ്ടും അധികാരത്തില്‍ വരും, 400 ലേക്ക് പോകുന്നു. 350 തനിച്ചുനേടും എന്ന പ്രചരണങ്ങള്‍ ബിജെപി നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പ്രചരണം ഈ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. പക്ഷേ യാഥാര്‍ത്ഥ്യം പറയുന്ന സത്യസന്ധമായ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ബിജെപിക്ക് പരമാവധി ലഭിക്കുന്നത് 200 അല്ലെങ്കില്‍ 220 സീറ്റുകള്‍ ആയിരിക്കും മറ്റു സീറ്റുകള്‍ മുഴുവന്‍ വിജയിക്കാന്‍ പോകുന്നത് പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രസ്ഥാനങ്ങളും അതുപോലെ മറ്റു മതേതര പ്രസ്ഥാനങ്ങളും ആയിരിക്കും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

കെജ്രവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തിന് ഗുണം ചെയ്യുമോ ?

ഈ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും എന്ന ഭീതിയില്‍ തന്നെയാണ് എന്ന ആശങ്കയില്‍ തന്നെയാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ, രാഷ്ട്രീയ നേതാക്കളെ, കേന്ദ്ര ഏജന്‍സികളെ കൊണ്ട് വേട്ടയാടുവാന്‍ ബിജെപി തീരുമാനിച്ചിട്ടുള്ളത്. ബിജെപിയെ സംബന്ധിച്ചിടത്തോളം പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ ആയിട്ടുള്ള അമിത് ഷായും മകനും ഉള്‍പ്പെടെയുള്ളവര്‍ ജയിലിലടക്കപ്പെടുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ടാണ് ബിജെപി ഇത്തരത്തില്‍ നേതാക്കളെ വേട്ടയാടാന്‍ തീരുമാനിച്ചിട്ടുള്ളത്.

പല രീതിയില്‍ എത്രയെത്ര നേതാക്കന്മാരെ ഓരോ പ്രദേശങ്ങളിലും കേസില്‍പ്പെടുത്തുകയും പലരീതിയില്‍ ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്യുന്നു. ഇതെല്ലം പരാജയഭീതിയില്‍ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സമസ്ത സംവിധാനങ്ങളെയും ഉപയോഗിച്ച് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല ഇത് മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ഓരോ മതവും നിരപേക്ഷത നിലപാട് സ്വീകരിക്കുകയും ഈ രാജ്യം ഇത്തരത്തില്‍ നിലനിന്ന് കാണണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഗൗരവത്തോടെ ഇതിനെ നോക്കി കാണുകയും ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറുന്ന സാഹചര്യവുമുണ്ടാവും.

കോണ്‍ഗ്രസില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി സാധ്യമാണോ ?

കോണ്‍ഗ്രസില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി സാധ്യമല്ല എന്നുള്ളത് തന്നെ ആണല്ലോ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തുന്ന ഘട്ടത്തിലായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നയിച്ചത്. അത്തരത്തില്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും മതനിരപേക്ഷ നിലപാടുള്ള പ്രസ്ഥാനങ്ങളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് യാതൊരു താല്‍പര്യവും കാണിച്ചില്ല.

ബിജെപിയെ എതിര്‍ക്കുവാനും ബിജെപിയെ പരാജയപ്പെടുത്തുവാനും തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് സാധിക്കില്ല എന്ന ബോധ്യം തന്നെയാണ് ഇടതു പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും പ്രാദേശിക പാര്‍ട്ടികളെയും ഒത്തൊരുമിച്ച് കൊണ്ട് ഇന്ത്യ എന്ന ഒരു സംവിധാനം ഈ രാജ്യത്ത് ഉണ്ടായത്. ആ സംവിധാനം ഉണ്ടാക്കിയെടുത്തത് കോണ്‍ഗ്രസ് ഒന്നുമല്ല, ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങളുടെ പൊതു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇന്‍ഡ്യ മുന്നണിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഇന്‍ഡ്യ മുന്നണി അധികാരത്തിലേക്ക് എത്തുന്ന ഘട്ടത്തില്‍ മുന്നണിയുടെ ഭാഗമായിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ആരായിരിക്കണം പ്രധാനമന്ത്രി എന്ന തീരുമാനമെടുക്കുന്നത്. അതല്ലാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ആകുമെന്ന ചിന്ത ഈ രാജ്യത്തെ ഒരു പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് ഇന്‍ഡ്യയുടെ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനങ്ങള്‍ക്കുമില്ല. രാഹുലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നുമില്ല. ഏറ്റവും കൂടതെ സീറ്റുകള്‍ ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേതല്ലാത്ത എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി ഭരണം നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള വാദഗതികളോ ചര്‍ച്ചകളോ ഈ ഘട്ടത്തില്‍ നടക്കുന്നില്ല.

ആന്റണിയും മകനും കളിക്കുന്നത് അവസരവാദ രാഷ്ട്രീയമാണെന്ന് തോന്നുന്നുണ്ടോ ?

ആന്റണിക്കും ആന്റണിയുടെ മകനുമൊന്നും കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ല. ആന്റണിയൊന്നും കേരളത്തിന്റെ ഒരു പൊതു രാഷ്ട്രീയ രംഗത്ത് സജീവമായി ഉള്ള ഒരു വ്യക്തിയല്ല. എ കെ ആന്റണിയൊക്കെ ഉയര്‍ത്തുന്ന രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമല്ല എന്നല്ലേ മനസിലാക്കാന്‍ സാധിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ ഇന്ന് ബിജെപിയുടെ ഭാഗമായി മാറുന്നത് അവര്‍ ആശയത്തെക്കാള്‍ കൂടുതല്‍ ആമാശയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു എന്നതുകൊണ്ടാണ്. ബിജെപി വലിയ പഠനത്തിലേക്ക് പോവുകയാണ്. എ കെ ആന്റണിയൊക്കെ കേരളത്തിലെ വളരെ സീനിയര്‍ ആയിട്ടുള്ള നേതാവാണ്. പക്ഷെ കേരളത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കില്ല. അദ്ദേഹത്തിന്റെ മകന്‍ അവിടെ നല്ല പരാജയം ഏറ്റുവാങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

തിരുവന്തപുരവും തൃശൂരുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങള്‍. അപ്പോള്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ?

ബിജെപി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല. കോടിക്കണക്കിന് രൂപയാണ് ബിജെപി ഓരോ മണ്ഡലത്തിലേക്കും കൊടുത്തു കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ അഞ്ചു കോടി വെച്ച് കൊടുത്തുവെന്നാണ് പറയുന്നത്. ഏതെങ്കിലും ബാങ്കിലെ അക്കൗണ്ട് തുറന്നു അവിടെ നിക്ഷേപിച്ചേക്കാം അല്ലാതെ തെരഞ്ഞെടുപ്പ് റിസള്‍ട്ട് അകൗണ്ട് തുറക്കുന്ന സാഹചര്യമൊന്നും ബിജെപിക്ക് ഉണ്ടാകാന്‍ പോകുന്നില്ല.

പന്ന്യന്‍ രവീന്ദ്രനും വി.എസ് സുനില്‍കുമാറുമാണ് ബി.ജെ.പിയെ തളയ്ക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ , അവരുടെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

മണ്ണിന്റെ മണമുള്ള നിലത്തു നില്‍ക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍. ഏറ്റവും ജനകീയനായ ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ് പന്ന്യന്‍ രവീന്ദ്രന്‍. അദ്ദേഹത്തെ ഇരുകൈയും നീട്ടിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. സുതാര്യവും സത്യസന്ധവും ആത്മാര്‍ത്ഥതയുമുള്ള പൊതുപ്രവര്‍ത്തകനായ സഖാവ് പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരം മത്സരിപ്പിക്കുവാന്‍ ഇടതുപക്ഷം തീരുമാനിച്ചത് സീറ്റ് വിജയിക്കാന്‍ വേണ്ടിയാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തി ഈ കേരളത്തിലെ ജനത മനസ്സിലാക്കുന്നുണ്ട്. അതുപോലെതന്നെ കഴിഞ്ഞ തെറ്റ് തിരുത്തണം എന്ന ഒരു ചിന്ത തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ട്. അതിനോടൊപ്പം തന്നെ മറ്റൊരു പ്രസക്തമായിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് അവിടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ത്രികോണം മത്സരം നടക്കുമ്പോള്‍ മറ്റു രണ്ടുപേരും പങ്കിട്ടെടുക്കാന്‍ പോകുന്നത് ഇടത് വിരുദ്ധ വോട്ടുകളാണ്. വ്യക്തിപരമായ ബന്ധങ്ങള്‍ കൊണ്ട് ലഭിക്കുന്ന സ്വീകാര്യതയും വലിയ ഭൂരിപക്ഷത്തോടെ കൂടി സഖാവ് പന്ന്യനെ ജയിപ്പിക്കും. സഖാവ് വി എസ് സുനില്‍കുമാറിലൂടെ തൃശ്ശൂരിലെ സീറ്റും ഇടതുപക്ഷം തിരിച്ചുപിടിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യം ഭരിക്കാന്‍ പോകുന്നു എന്ന പ്രതീതി കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. ആ സാഹചര്യങ്ങളൊന്നും ഇന്ന് ഈ കേരളത്തിലില്ല. പ്രത്യേകിച്ചും തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം തൃശ്ശൂരിലെ ഏറ്റവും ജനകീയനായിട്ടുള്ള പ്രവര്‍ത്തകനെ വിജയിപ്പിക്കണം എന്ന ഒരു ചിന്ത തന്നെയാണ് തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ഉള്ളത്.

പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടി ഓഫീസിലാണ് താമസം, അദ്ദേഹത്തിന്റെ കുടുംബത്തെ പാര്‍ട്ടി സഹായിക്കുന്നില്ലേ ?

രാഷ്ട്രീയത്തില്‍ ഒരു നന്മയുടെ ചിഹ്നമാണ് പന്ന്യന്‍ രവീന്ദ്രന്‍. കണ്ണൂരിലാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാണ്. അതിനു കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല പാര്‍ട്ടി സെന്റര്‍ ആണ് എന്നുള്ളതുകൊണ്ടാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പെന്‍ഷനാണ് വരുമാനമാര്‍ഗം. വേറെ വീടെടുത്ത് താമസിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതിയില്ല അതുകൊണ്ട് അദ്ദേഹം അവിടെ താമസിക്കുന്നു. അതില്‍ അദ്ദേഹം സന്തോഷവും ആനന്ദവും കണ്ടെത്തുന്നു. ഞങ്ങളുടെ സ്വത്താണ് സഖാവ് രവിയേട്ടന്‍. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. ഞങ്ങള്‍ക്കൊപ്പം ആത്മാര്‍ത്ഥമായി സാധാരണക്കാര്‍ക്ക് വേണ്ടി ഒരു തൊഴിലാളി പ്രവര്‍ത്തകനായിട്ട് ജീവിച്ചു മരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന് അഭിമാനമാണ് സഖാവ്.

ഇടതുപക്ഷ നേതാക്കള്‍ക്ക് എതിരായ കേന്ദ്ര ഏജന്‍സികളുടെ നിക്കത്തെ എങ്ങനെയാണ് നോക്കി കാണുന്നത് ?

കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഏറ്റവും ശക്തവുംസുദൃഢവുമായ നിലപാട് സ്വീകരിച്ചത് ഇടത് നേതാക്കളും ഇടത് പ്രസ്ഥാനവുമാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലെയും ഇടതു നേതാക്കളെ വലിയ രീതിയില്‍ ഉപദ്രവിച്ചുകൊണ്ടിരിക്കയാണ്. കെജ്രിവാളുപോലെയുള്ള രാഷ്ട്രീയ നേതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കയാണ്.

കേന്ദ്ര ഏജന്‍സികളെ മമത സര്‍ക്കാര്‍ മുന്‍പ് തൂക്കിയെടുത്ത് അകത്തിട്ടിട്ടുണ്ട്. അത്തരം സമീപനം കേരളത്തിലും ഉണ്ടാകുമോ ?

കേന്ദ്ര ഏജന്‍സികള്‍ നിരന്തരം കേരളത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. കേരളം സര്‍ക്കാരിനെ പല രീതിയിലുള്ള ഇല്ലായ്മ ചെയ്യാന്‍ പല രീതിയിലുള്ള ശരങ്ങള്‍ ബിജെപി നടത്തുന്നതില്‍ ഒന്ന് മാത്രമാണ് കേന്ദ്ര ഏജന്‍സികളെ വച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍. കൃത്രിമമായ തെളിവുകള്‍ ഇ ഡി ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായി കേരളം ഗവണ്‍മെന്റ് കേസെടുത്തിട്ടുണ്ട്. കേന്ദ്രം പരിധിവിടുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് നിയമപരമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പ്രതികരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക

Top