ഐഫോണ്‍ 16 മോഡലുകളുടെ ഡിസൈന്‍ മാറുന്നു

ഐഫോണ്‍ 16 മോഡലുകളുടെ ഡിസൈന്‍ മാറുന്നു

ഡിസൈനില്‍ മാറ്റങ്ങളുമായി ഐഫോണിന്റെ പുതിയ മോഡലായ ഐഫോണ്‍ 16 പരമ്പരയിലെ ഫോണുകള്‍. പ്രധാന മാറ്റമാണ് സ്‌ക്വയര്‍ ക്യാമറ ഡിസൈന്‍ മാറ്റി പഴയ വെര്‍ട്ടിക്കിള്‍ പില്‍ ആകൃതിയിലേക്ക് തന്നെ ക്യാമറ യൂണിറ്റ് എത്തുന്നു എന്നത്. ആപ്പിള്‍ പ്രൊഡക്ടുകളെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ നല്‍കുന്ന ടെക് വിദഗ്ധന്‍ സോണി ഡിക്സണ്‍ പങ്കുവെച്ച ഒരു സ്മാര്‍ട്ട്ഫോണ്‍ കവറാണ് പുതിയ ഡിസൈനിലേക്കുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.

രണ്ട് സ്മാര്‍ട്ട്ഫോണ്‍ കവറുകളാണ് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതില്‍ ഇടതുവശത്തെ കവറിന് വലിപ്പം അല്‍പ്പം കൂടുതലാണ്. ഐഫോണ്‍ 16 പ്ലസിന്റെതാണ് ഈ കവര്‍. മറ്റൊന്ന് ഐഫോണ്‍ 16ന്റേതും. ഈ രണ്ട് കവര്‍ ഡിസൈനും കുത്തനെയുള്ള ക്യാമറകള്‍ക്ക് യോജിച്ചതാണ്. ക്യാമറ മൊഡ്യൂളിന് തൊട്ടടുത്തായി ഫ്ളാഷ് ലൈറ്റിനുള്ള ഇടവുമുണ്ട്. ഇക്കാര്യത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി വ്യക്ത വരുത്തിയിട്ടില്ലെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്ന ടെക് വിദഗ്ധന്മാരെല്ലം ഇക്കാര്യം ശരിവെക്കുന്നുണ്ട്.

15 പ്രോ സീരിസുകളില്‍ ഉള്‍പ്പെടുത്തിയിരുന്ന ആക്ഷന്‍ ബട്ടണ്‍ 16 മോഡലുകളിലേക്കും എത്തും എന്നാണ് മറ്റൊരു മാറ്റം. അതേസമയം അവസാനം ഇറങ്ങിയ സാംസങിന്റെ ഗ്യാലക്സി എസ് 24 മോഡലിലും വെര്‍ട്ടിക്കിള്‍ ഷേപ്പിലുള്ള ക്യാമറയാണ് നല്‍കയിരിക്കുന്നത്. ക്യാമറ ക്വാളിറ്റിയിലും മറ്റും ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തുന്ന സാങ്കേതിക വിദ്യകളാണ് സാംസങ് ഉപയോഗിക്കുന്നത്. ഇതാണ് ആപ്പിളിലെ ഡിസൈനില്‍ തന്നെ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക എന്നാണ് വിവരം. എ.ഐ ഫീച്ചറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ റാന്‍ഡം ആക്സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാണ് ഐഫോണ്‍ 16 മോഡലുകള്‍ എത്തുക.

Top