ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെങ്കിൽ അത് അവരുടെ സ്വന്തം പാർട്ടിയുടെ തകർച്ചയ്ക്കായിരിക്കും വഴിതുറക്കുക എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ നിയമപരമായോ അല്ലാതെയോ ഉള്ള യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കണ്ട ട്രംപ്, എന്നാൽ രാഷ്ട്രീയ ചർച്ചകൾക്ക് പകരം വൈറ്റ് ഹൗസിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. വൈറ്റ് ഹൗസ് ബാൾറൂം നിർമാണം നടക്കുന്ന സ്ഥലത്ത് വെച്ച് നടന്ന 41 മിനിറ്റിലധികം നീണ്ട വാർത്താസമ്മേളനത്തിൽ കെട്ടിടത്തിന്റെ ഡിസൈൻ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. സീലിങ്ങിന്റെ ഉയരം, ഫ്ലോർ പ്ലാനുകൾ എന്നിവയ്ക്കൊപ്പം സുപ്രീം കോടതിക്ക് സമാനമായ ലൈംസ്റ്റോൺ തൂണുകൾ അടുത്ത ആഴ്ച സ്ഥാപിക്കുമെന്നും ഇറ്റാലിയൻ മാർബിളുകൾ ഫിനിഷിങ്ങിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ അവിടെയൊരുക്കുന്ന അത്യാധുനിക ബങ്കറിനെക്കുറിച്ചും ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ വാചാലനായി.






