ഗാസ ഇന്ന് ഒരുകൂട്ടം മനുഷ്യരുടെ പൊലിഞ്ഞ സ്വപ്നങ്ങളാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും മൃതശരീരങ്ങളാല്‍ നിറഞ്ഞുകവിഞ്ഞ ആശുപത്രികളും, പലസ്തീനെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുക എന്ന ഇസ്രയേല്‍ ലക്ഷ്യത്തിന്റെ ബാക്കി പത്രങ്ങളാണിവ. അവിടെയും നില്‍ക്കുന്നതല്ല ഇസ്രയേലിന്റെ അടങ്ങാത്ത യുദ്ധവെറി. ഗാസയില്‍ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെയും സൈനികരുടെയും എണ്ണം മനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്നതാണ്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്ത കണക്കുകളേക്കാള്‍ 40% കൂടുതലാണെന്നാണ് ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. ക്യാപ്ചര്‍-റീക്യാപ്ചര്‍ അനാലിസിസ് എന്ന ശക്തമായ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സാങ്കേതിക രീതി ഉപയോഗിച്ച് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍, യേല്‍ യൂണിവേഴ്സിറ്റിയിലെയും മറ്റ് സ്ഥാപനങ്ങളിലെയും അക്കാദമിക് വിദഗ്ധരും ചേര്‍ന്നാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.
ഇസ്രയേല്‍ നടത്തിയ വ്യോമ-കരയാക്രമണത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലുണ്ടായ മരണമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഈ കാലയളവില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്നാണ് ദ ലാന്‍സെറ്റ് ജേണലിലെ പഠനം പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ് ഇക്കാലയളവില്‍ ഏകദേശം 64,260 പേര്‍ മരിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. ഇതില്‍ 59.1% സ്ത്രീകളും കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരുമാണെന്നും പഠനം പറയുന്നു, അതേ സമയം മരിച്ചവരില്‍ പലസ്തീനിയന്‍ പോരാളികളുടെ കണക്ക് എത്രയാണെന്നുള്ളത് ഇനിയും വ്യക്തമല്ല. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍, ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍-ഗാസ സംഘര്‍ഷം രൂക്ഷമാകുന്നത്.
Also Read: അമേരിക്കയുടെ കണ്ണ് അയൽരാജ്യങ്ങളിൽ, സസൂക്ഷ്മം നിരീക്ഷിച്ച് റഷ്യയും
അതിനുശേഷം, യുദ്ധത്തില്‍ 37,877 പേര്‍ മരിച്ചതായാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 വരെയുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത് മൊത്തം മരണസംഖ്യ 46,000-ത്തിലധികമാണ് എന്നാണ്. അതായത് യുദ്ധത്തിന് മുമ്പുള്ള 2.3 മില്യണ്‍ ജനസംഖ്യയുടെ ഏകദേശം 2 ശതമാനം. വിദേശ മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ പ്രദേശത്തേക്ക് അനുവദിക്കാത്തതിനാല്‍ തന്നെ ഗാസയിലെ മരണസംഖ്യ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇതുവരെയും സ്വതന്ത്രമായി പരിശോധിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
ഗാസയില്‍ സിവിലിയന്മാരുടെ ആള്‍നാശം ഒഴിവാക്കാന്‍ ഇസ്രയേലിന്റെ സായുധ സേന വിപുലമായ നടപടികള്‍ കൈക്കൊണ്ടതായാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ലോകത്തിലെ മറ്റൊരു സൈന്യവും ഇത്രയും വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സിവിലിയന്‍മാര്‍ക്ക് മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കല്‍, സുരക്ഷിത മേഖലകള്‍ ഒഴിവാക്കിയുള്ള ആക്രമണം, സിവിലിയന്മാര്‍ക്കെതിരെയുള്ള ഉപദ്രവം തടയല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ യാഥാര്‍ത്ഥമല്ല എന്നാണ് ഇസ്രയേല്‍ സായുധ സേന വാദിക്കുന്നത്.
2024 ജൂണ്‍ 30 വരെ ഗുരുതരമായ പരിക്കുകള്‍ മൂലം ഗാസയില്‍ മരിച്ചവരുടെ എണ്ണം 55,298 മുതല്‍ 78,525 വരെ എന്ന കണക്ക് അമ്പരപ്പിക്കുന്നതാണെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ഒരു ഓണ്‍ലൈന്‍ സര്‍വേ, സോഷ്യല്‍ മീഡിയയിലെ മരണ വാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്.ഹമാസ് ആശുപത്രികളെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഉപയോഗിക്കുന്നതായി ഇസ്രയേല്‍ ആരോപിക്കുന്നു, എന്നാല്‍ ഹമാസ് ഇത് നിഷേധിക്കുകയാണ്. ഇസ്രയേലിന്റെ സൈനിക പ്രചാരണത്തിനിടയില്‍ കൃത്യമായ ഇലക്ട്രോണിക് മരണരേഖകള്‍ സൂക്ഷിക്കുന്നതില്‍ പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം നേരിടുന്ന വെല്ലുവിളികളും ലാന്‍സെറ്റ് പഠനം വെളിപ്പെടുത്തുന്നു.
ഗാസയില്‍ ഗുരുതരമായ പരിക്കുകളാല്‍ മരണമടഞ്ഞവരുടെ എണ്ണം 64,260 വരെയാകുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്, ആരോഗ്യസംരക്ഷണം, ഭക്ഷണം എന്നിവയുടെ അഭാവം മൂലമുണ്ടാകുന്ന മരണങ്ങള്‍ അല്ലെങ്കില്‍ തകര്‍ക്കപ്പട്ട കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി ഇനിയും കണ്ടെത്തിയിട്ടില്ല എന്ന് വിശ്വസിക്കപ്പെടുന്ന ആയിരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Also Read: തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…
പലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിസിബിഎസ്) മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുള്ളതായി കണക്കാക്കുന്നു, കൂടാതെ 11,000 പലസ്തീനികളെ കാണാതാവുകയും മരണ സംഖ്യ ഔദ്യോഗിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിനപ്പുറമാണെന്നും അനുമാനിക്കുന്നു. ”ബന്ധുക്കളോ ആശുപത്രികളോ മരിച്ചതായി സ്ഥിരീകരിച്ചവരെ മാത്രമേ ഞങ്ങള്‍ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ എപ്പിഡെമിയോളജിസ്റ്റും പഠനത്തിന്റെ മുഖ്യ രചയിതാവുമായ സീന ജമാലുദ്ദീന്‍ പറഞ്ഞു.
ഈ ലിസ്റ്റുകള്‍ തമ്മിലുള്ള ഓവര്‍ലാപ്പുകള്‍ വിശകലനം ചെയ്യുന്നതിലൂടെ, ഗാസയിലെ മൊത്തം മരണങ്ങളുടെ എണ്ണം കണക്കാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഗവേഷണത്തില്‍ ഉള്‍പ്പെടാത്ത അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ഡാറ്റാ അനാലിസിസ് ഗ്രൂപ്പിലെ സ്റ്റാറ്റിസ്റ്റിഷ്യനായ പാട്രിക് ബോള്‍, ഗ്വാട്ടിമാല, കൊസോവോ, പെറു, കൊളംബിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ മരണസംഖ്യ കണക്കാക്കാന്‍ ക്യാപ്ചര്‍-റീക്യാപ്ചര്‍ രീതികള്‍ ഉപയോഗിച്ചു.
പഠനത്തില്‍ അവലംബിച്ച ക്യാപ്ചര്‍-റീക്യാപ്ചര്‍ സാങ്കേതികത രീതി ഗാസയില്‍ കണക്കുകള്‍ കണ്ടെത്താന്‍ ഏറെ സഹായകരമായതായും അവര്‍ പറഞ്ഞു. അപൂര്‍ണ്ണമായ ഡാറ്റയില്‍ നിന്നുള്ള മരണസംഖ്യ കണക്കാക്കുന്നത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നു . ഈ പരിമിതി ഉണ്ടായിരുന്നിട്ടും കണക്കുകള്‍ സാധൂകരിക്കുന്നതിന് ഗവേഷകര്‍ അവലംബിച്ച മൂന്ന് രീതികളും അഭിനന്ദാര്‍ഹമാണെന്ന് ബ്രിട്ടനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ കെവിന്‍ മക്കോണ്‍വേ പറഞ്ഞു,
ഇസ്രയേലിനു നല്‍കി വന്നിരുന്ന പിന്തുണയില്‍ നിന്ന് രാജ്യങ്ങള്‍ പലതും പിന്നോട്ടു മാറിക്കഴിഞ്ഞു. ജീവനുകള്‍ക്കാണോ പ്രതികാരത്തിനാണോ കൂടുതല്‍ പ്രാധാന്യമെന്ന ചര്‍ച്ചകളും ചൂടുപിടിച്ച് നടക്കുന്നുണ്ട്. യുദ്ധവെറി അവസാനിക്കണമെന്ന് ആഗ്രഹിക്കുകയാണ് ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും. പലസ്തീന്‍ ജനതയെ കുറിച്ചുള്ള വിലാപങ്ങള്‍ ഒരുവശത്ത് തുടരുമ്പോള്‍ മറുവശത്ത് നെതന്യാഹുവിന്റെ യുദ്ധതന്ത്രങ്ങള്‍ കൂടുതല്‍ മുറുകുകയാണ്.
വീഡിയോ കാണാം…