ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ മാന്‍ഹട്ടന്‍ കോടതിയില്‍ തുടങ്ങി

ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ മാന്‍ഹട്ടന്‍ കോടതിയില്‍ തുടങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ മാന്‍ഹട്ടന്‍ കോടതിയില്‍ തുടങ്ങി. പോണ്‍ സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധവും ഇതുമറച്ചുവെക്കാനായി ഇവര്‍ക്ക് 2016ല്‍ കൈക്കൂലിനല്‍കിയെന്നുമുള്ള ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ വിചാരണ ഇന്നലെ കോടതിയില്‍ ആരംഭിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നതെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രൈമറി മത്സരരംഗത്തുള്ള ട്രംപിന് തിരിച്ചടിയാണ്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപാണ് മുന്നിലുള്ളത്. വിചാരണ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. വിചാരണ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഇത് ജഡ്ജി ജുവാന്‍ മെക്കാന്‍ തള്ളുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുകയാണെന്നിരിക്കെ, കോടതിയില്‍ ഹാജരാകലും പ്രചാരണവും എങ്ങനെ ഒരുമിച്ച് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

മി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. എന്നാല്‍ ഈ ആരോപണം ട്രംപ് നിഷേധിച്ചു. രേഖകളില്‍ കൃത്രിമം കാണിച്ചെന്നുള്‍പ്പടെയുള്ള വകുപ്പുകളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്. മാത്രമല്ല 34 വഞ്ചനാ കുറ്റങ്ങളും മുന്‍ പ്രസിഡന്റിനെതിരെയുണ്ട്. 2006ലെ ഒരു സെലിബ്രിറ്റി ടൂര്‍ണ്ണമെന്റില്‍വെച്ചാണ് ട്രംപിനെ ഗോള്‍ഫ് വസ്ത്രത്തില്‍ ആദ്യമായി കാണുന്നതെന്നും പിന്നീട് ആ ബന്ധം വളരുകയായിരുന്നുവെന്നും സ്റ്റോമി കോടതിയില്‍ വെളിപ്പെടുത്തി. പിന്നീട് ആ ബന്ധം പുറത്തുപറയാതിരിക്കാനാണ് തനിക്ക് ട്രംപിന്റെ വക്കീല്‍ കൈക്കൂലി തന്നതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങളെല്ലാം അവഹേളനം എന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചത്. ഇതിനിടെ കോടതി നടപടി ക്രമങ്ങള്‍ നന്നായി പോകുന്നുവെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Top