ദുബായുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ദുബായ് ക്രീക്ക് മേഖലയെ കൂടുതൽ മനോഹരമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ദുബായ് ക്രീക്ക് ലൈറ്റ്സ്’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് മുനിസിപ്പാലിറ്റിയാണ് 80 ദശലക്ഷം ദിർഹം ചെലവഴിച്ച് ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്. ക്രീക്കിന്റെ ഇരുവശങ്ങളിലുമായി 8 കിലോമീറ്റർ ദൈർഘ്യത്തിൽ പരിസ്ഥിതി സൗഹൃദമായ അയ്യായിരത്തിലധികം അത്യാധുനിക ലൈറ്റിങ് ഉപകരണങ്ങൾ സ്ഥാപിക്കും.
ക്രീക്ക് തീരത്തെ പ്രധാന കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കുന്ന ഈ ദൃശ്യവിസ്മയം 2027-ന്റെ ആദ്യ പാദത്തോടെ പൂർത്തിയാകും. വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനും സ്വദേശികൾക്കും വിദേശികൾക്കും രാത്രികാലങ്ങളിൽ സുഗമവും മനോഹരവുമായ അന്തരീക്ഷം ഒരുക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.






