രാജസ്ഥാനിലെ സി.പി.എം വിജയം കേരളത്തിലെ പാർട്ടിക്ക് നൽകുന്ന പാഠം വളരെ വലുതാണ്

45ൽ 29 എന്നത് വെറുമൊരു തിരഞ്ഞെടുപ്പ് കണക്കല്ല, അധികാരമില്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം നിന്നാൽ ചെങ്കൊടിക്ക് പുതിയ മണ്ണിലും വേരുപിടിക്കാമെന്ന രാജസ്ഥാന്റെ സന്ദേശമാണ്. കേരളത്തിലെ സി.പി.എമ്മിന് ഇത് തിരുത്തലിന്റെയും ജനകീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്കിന്റെയും പാഠമാകണം

രാജസ്ഥാനിലെ സി.പി.എം വിജയം കേരളത്തിലെ പാർട്ടിക്ക് നൽകുന്ന പാഠം വളരെ വലുതാണ്
രാജസ്ഥാനിലെ സി.പി.എം വിജയം കേരളത്തിലെ പാർട്ടിക്ക് നൽകുന്ന പാഠം വളരെ വലുതാണ്

രാജസ്ഥാനിൽ നിന്ന് വരുന്നത് ഒരു സാധാരണ തിരഞ്ഞെടുപ്പ് ഫലമല്ല. ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷ നൽകുന്ന ഒരു രാഷ്ട്രീയ സന്ദേശമാണത്. കേരളത്തിലെ പോലെ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാമെന്ന വ്യാമോഹമൊന്നും രാജസ്ഥാനിലെ സി.പി.എം പ്രവർത്തകർക്കോ ആ പാർട്ടിയുടെ അനുഭാവികൾക്കോ ഇല്ല. എങ്കിലും അവർ ജീവന് തുല്യം സ്‌നേഹിക്കുന്ന പാർട്ടിക്ക് വേണ്ടി സകലതും സമർപ്പിച്ച് പ്രവർത്തിക്കും. ഭരണകൂടങ്ങളുടെയും ജന്മിമാരുടെയും സകല മർദ്ദന മുറകളും, കള്ള കേസുകളും അതിജീവിച്ച് മുന്നോട്ട് പോകാൻ രാജസ്ഥാനിലെ സിപിഎം പ്രവർത്തകർക്ക് കരുത്തേകുന്നത് ചെങ്കൊടി പ്രസ്ഥാനം പകർന്ന് നൽകിയ കരുത്താണ്. തങ്ങൾക്ക് ഒരാവശ്യം വന്നാൽ, വീട്ട് മുറ്റത്ത് കമ്യൂണിസ്സുകൾ വന്നു നിൽക്കുമെന്ന ഒരു ബോധ്യമാണത്. കർഷകർക്കു വേണ്ടി സി.പി.എം കർഷക സംഘടനയായ കിസാൻ സഭ നടത്തിയ പോരാട്ടങ്ങളും, ജനങ്ങളെ വലിയ രൂപത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. അതിൻ്റെ കൂടി റിസർട്ടാണ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ബീക്കാനറിലെ നോഖാ മുൻസിപ്പാലിറ്റിയിലാണ് ചരിത്രത്തിലാദ്യമായി സി.പി.എം നേതൃത്വം നൽകുന്ന സഖ്യം നഗരസഭാ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ആകെയുള്ള 45 സീറ്റുകളിൽ 29 സീറ്റുകളും സി.പി.എം–വികാസ് മഞ്ച് സഖ്യമാണ് നേടിയിരിക്കുന്നത്. ഭരണപക്ഷമായ ബി.ജെ.പി 13 സീറ്റുകളിൽ ഒതുങ്ങി പോയി എന്നതും, എടുത്തു പറയേണ്ട കാര്യമാണ്. ഇവിടെ മറ്റ് മൂന്ന് സീറ്റുകൾ ലഭിച്ചത് സ്വതന്ത്രർക്കാണ്. സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള ശേഷി പോലും ഈ നഗരസഭയിൽ കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ല.

സി.പി.എമ്മും വികാസ് മഞ്ചും ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് എങ്കിലും, ഈ സഖ്യത്തിലെ എല്ലാ സ്ഥാനാർത്ഥികളും മത്സരിച്ചത്, സി.പി.എമ്മിൻ്റെ അരിവാൾ–ചുറ്റിക–നക്ഷത്രം ചിഹ്നത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിജയം ദേശീയ രാഷ്ട്രീയത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചിഹനമായി ഉത്തരേന്ത്യയിലും സി.പി.എം തിരഞ്ഞെടുപ്പ് ചിഹനവും, ചെങ്കൊടിയും മാറുമ്പോൾ അമ്പരക്കുന്നത് സംഘപരിവാറും ബിജെപി നേതൃത്വവുമാണ്.

രാജസ്ഥാനെന്ന് കേൾക്കുമ്പോൾ പൊതുവേ നമ്മുടെ മനസ്സിലേക്ക് വരുന്നത് ബി.ജെ.പിയും കോൺഗ്രസുമാണ്. ഈ രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രധാനപോരാട്ടമാണ് സംസ്ഥാന രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്നത്. അങ്ങനെയൊരു സംസ്ഥാനത്താണ് ഒരു നഗരസഭയിൽ ചെങ്കൊടിയുടെ കീഴിൽ മത്സരിച്ച സഖ്യം 45-ൽ 29 സീറ്റുകളും നേടുന്നത് എന്നത് നിസാര കാര്യമല്ല. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്, ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഒരു സംസ്ഥാനത്തും ഭരണം ഇല്ലാത്ത അവസരത്തിലാണ് ഈ മിന്നുന്ന വിജയമെന്നതും നാം കാണാതെ പോകാൻ പാടില്ല.

ഇത് എങ്ങനെ സാധിച്ചു? ഈ ചോദ്യത്തിനുള്ള ഉത്തരം തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് നടത്തിയ പ്രചാരണത്തിൽ അന്വേഷിച്ചാൽ മാത്രംകിട്ടുന്നതല്ല. പതിറ്റാണ്ടുകളായി രാജസ്ഥാനിലെ മണ്ണിൽ നടക്കുന്ന കർഷക–തൊഴിലാളി സമരങ്ങളിലാണ് അതിന്റെ ശരിയായ ഉത്തരം. നോഖയിൽ മാത്രമല്ല. ഉദയ്പൂർ മുതൽ ശ്രീഗംഗാനഗർ വരെയും, ഹനുമാൻഗഡ് മുതൽ ശെഖാവട്ടി മേഖലയിലെ സീക്കറും ജുൻജുനുവും വരെയും, ഇടതുപക്ഷത്തിന് വിവിധ കാലങ്ങളിൽ ജനകീയ പോരാട്ടങ്ങളിലൂടെ വലിയ സാന്നിധ്യം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സീക്കർ ഉൾപ്പെടുന്ന ശെഖാവട്ടി മേഖല രാജസ്ഥാനിലെ കർഷക പ്രസ്ഥാനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് എന്നതും നാം മനസ്സിലാക്കണം.

ജലസേചനത്തിന് വെള്ളം വേണം…
കർഷകന് വിളയ്ക്ക് ന്യായമായ വില വേണം…
വൈദ്യുതി നിരക്ക് കുറയ്ക്കണം…
കടബാധ്യതയിൽപ്പെട്ട കർഷകരെ സംരക്ഷിക്കണം…
തൊഴിലാളിക്ക് അവകാശങ്ങൾ ലഭിക്കണം…
ഇത്തരം ആവശ്യങ്ങളുമായി വർഷങ്ങളോളം തെരുവിലിറങ്ങിയ പ്രവർത്തകരാണ് അവിടത്തെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെ യഥാർത്ഥ ശക്തി. ഇങ്ങനെ പോരാടിയവർക്ക് ഏറ്റ മർദ്ദനം വിവരിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഈ ഘട്ടങ്ങളിൽ ഒന്നും തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നോ, പാർട്ടി ജയിക്കുമെന്നോ, അധികാരത്തിൽ വരുമെന്നോ, ഒരു ഉറപ്പും സി.പി.എം പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പാർലമെൻ്ററി വ്യാമോഹവും ആ പാവങ്ങൾക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും അവർ ജനങ്ങൾക്കൊപ്പം നിന്നു.അതിന്റെ രാഷ്ട്രീയ ഫലമാണ് ഇന്ന് കാണുന്ന വമ്പൻ വിജയം.

രാജസ്ഥാനിൽ അതിന്റെ ഏറ്റവും വലിയ സമീപകാല ഉദാഹരണങ്ങളിലൊന്നാണ് സീക്കർ.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് അമ്രാ റാം, സീക്കറിൽ വിജയിച്ച് പാർലമെന്റിലെത്തിയിരുന്നു. അതും ഒരു ദിവസം കൊണ്ട് ഉണ്ടായ വിജയമായിരുന്നില്ല.
കർഷക സമരങ്ങളുടെ മണ്ണിൽ വർഷങ്ങളായി രൂപപ്പെട്ട രാഷ്ട്രീയ വിശ്വാസത്തിന്റെ പ്രകടനമായിരുന്നു അത്.

അതുപോലെ ഇപ്പോൾ നോഖയിൽ നിന്നും മറ്റൊരു സന്ദേശം ഉയരുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ ചെങ്കൊടിക്ക് ഏത് മണ്ണിലും വേരുപിടിക്കാം എന്ന സന്ദേശമാണത്. ഇതേ തിരഞ്ഞെടുപ്പിൽ മറ്റൊരു ശ്രദ്ധേയമായ ഫലവും രാജസ്ഥാനിൽ ഉണ്ടായിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ജലാവറിൽ പോലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. 45 വാർഡുകളുള്ള നഗരസഭയിൽ ഇന്ത്യാ സഖ്യം 29 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി 13 സീറ്റുകളിലാണ് ഒതുങ്ങിപ്പോയത്. ഇവിടെയും സി.പി.എമ്മിൻ്റെ കർഷക സംഘടനകൾ നടത്തിയ പോരാട്ടത്തിൻ്റെ ഉൽപ്പന്നമാണ് കോൺഗ്രസ്സിന് ഉൾപ്പെടെ വോട്ടായി ലഭിച്ചത് എന്നതും, പറയാതിരിക്കാൻ കഴിയുകയില്ല.

ഇതോടെ, രാജസ്ഥാനിലെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു പ്രദേശവും എന്നെന്നേക്കുമായി സ്വന്തം കോട്ടയായി കരുതാനാവില്ല.

ജനങ്ങൾ മാറും, രാഷ്ട്രീയ സാഹചര്യങ്ങളും മാറും.പക്ഷേ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഏറ്റെടുത്ത് അവർക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്ന സംഘടനകൾക്ക് മുന്നിൽ പുതിയ രാഷ്ട്രീയ സാധ്യതകൾ തുറക്കപ്പെടുക തന്നെ ചെയ്യും.

രാജസ്ഥാനിലെ ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ സി.പി.എം നേതാക്കൾക്കുള്ള വലിഒരു പാഠം കൂടി ആയിരിക്കണം. പാർലമെൻ്റി വ്യാമോഹവും, സ്വജനപക്ഷപാതവും മുതൽ അഹങ്കാരവും ധിക്കാരപരമായ സമീപനങ്ങളും വരെ കളഞ്ഞ് കമ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ രാജസ്ഥാനിലെ സി.പി.എം പ്രവർത്തകരെയും നേതാക്കളെയും കണ്ട് പഠിക്കാൻ കേരളത്തിലെ സി.പി.എം നേതാക്കൾ തയ്യാറാവണം.

കോഴിക്കോട്ടെ വിശാല സംസ്ഥാന കമ്മറ്റിയിൽ പാർട്ടിയിലെ തിരുത്തലുകളെക്കുറിച്ചും സംഘടനാ മാറ്റങ്ങളെക്കുറിച്ചും ചർച്ചയൊക്കെ നടന്നിട്ടുണ്ട്. എന്നാൽ, ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ട് എന്നത് കൂടി നേതൃത്വം ഉറപ്പ് വരുത്തേണ്ടതുണ്ട്.

പാർട്ടിയെ തിരുത്തുക എന്നത് നേതാക്കളെ മാത്രം മാറ്റുന്നതല്ലങ്കിലും കാലഹരണപ്പെട്ട നേതാക്കൾ പരാജയപ്പെട്ട നേതൃത്വം എന്നിവ മാറുന്നത് തന്നെയാണ് പുതിയ കാലത്ത് നല്ലത്. അത് അധികം താമസിയാതെ സംഭവിക്കും എന്നു തന്നെയാണ് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കരുതുന്നത്. യഥാർത്ഥ തിരുത്തൽ എന്നു പറയുന്നത് പാർട്ടി ജനങ്ങളിലേക്ക് തിരിച്ചുപോകുക എന്നതു കൂടിയാണ്.

പാർട്ടി ഓഫീസിന്റെ വാതിൽ സാധാരണക്കാരന് മുന്നിൽ തുറന്നിടുന്നതാകണം തിരുത്തൽ.
അധികാരമുള്ളവന്റെ കൂടെ നിൽക്കുന്നതിനു പകരം നീതി നിഷേധിക്കപ്പെട്ടവന്റെ കൂടെ നിൽക്കുന്നതാകണം തിരുത്തൽ.

കർഷകന്റെ പ്രശ്നം, പാർട്ടിയുടെ പ്രശ്നമാകണം.
തൊഴിലാളിയുടെ പ്രശ്നം പാർട്ടിയുടെ പ്രശ്നമാകണം.
വിദ്യാർത്ഥിയുടെയും യുവാവിന്റെയും സ്ത്രീയുടെയും സാധാരണ കുടുംബത്തിന്റെയും പ്രശ്നങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ അജണ്ടയായി മാറണം. രാജസ്ഥാനിലെ ചെങ്കൊടി പ്രസ്ഥാനം കാണിച്ചുതരുന്നതും അതാണ്.

ജാതിരാഷ്ട്രീയത്തിനും പരമ്പരാഗത അധികാര ഘടനകൾക്കും വലിയ സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് പോലും, വർഷങ്ങളോളം ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനങ്ങൾ അവസരം നൽകുന്നു എങ്കിൽ അത് വലിയ മാറ്റത്തിൻ്റെ തുടക്കമാണ്.

അതുകൊണ്ട് നോഖയിലെ 29 സീറ്റുകളെ വെറും 29 കൗൺസിലർമാരുടെ വിജയമായി മാത്രം കാണരുത്. അതിനു പിന്നിൽ വർഷങ്ങളുടെ സംഘടനാ പ്രവർത്തനമുണ്ട്.
സമരങ്ങളുണ്ട്….
പരാജയങ്ങളുണ്ട്….
വീണടത്തു നിന്നും വീണ്ടും എഴുന്നേറ്റുനിന്ന പ്രവർത്തകരുണ്ട്….
അധികാരമില്ലാത്ത കാലത്തും ജനങ്ങൾക്കൊപ്പം നിന്നവരുമുണ്ട്.
അവർ വിതച്ച രാഷ്ട്രീയ വിത്തുകളാണ് അവസാനം വോട്ടായി മുളച്ചിരിക്കുന്നത്.

എന്നാൽ, കേരളത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത്, ഇവിടെ മുളച്ച വിത്തുകൾ തന്നെ, ചവിട്ടി മെതിക്കുന്ന നേതൃത്വത്തെയല്ലേ നാം കാണുന്നത് ? എകെജിയും, ഇഎംഎസും, തുടങ്ങി വിഎസ് അച്ചുതാനന്ദൻ വരെയുള്ള നേതാക്കൾ ത്യാഗനിർഭരമായ അവരുടെ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ പാർട്ടിയാണ് സി.പി.എം. അസഖ്യം രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന ആ ചുവപ്പ് പതാകയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും കേരളത്തിലെ ഓരോ നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ട്. ഇക്കാര്യത്തിൽ വലിയ വീഴ്ച സംഭവിച്ചത് കൊണ്ട് മാത്രമാണ് ചുവപ്പ് കോട്ടകൾ പോലും ഇത്തവണ വീണിരിക്കുന്നത്.

ഇനി കേരളത്തിലെ ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തിപ്പെടുത്തണമെങ്കിൽ പഴയ ജനകീയ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ശക്തമായി തിരിച്ചുപോകേണ്ടതുണ്ട്. മാറേണ്ടത് നിലപാടുകളായാലും നേതാക്കളായാലും മാറ്റിയും തിരുത്തിയും തന്നെ മുന്നോട്ട് പോകണം.
ജനങ്ങളോടൊപ്പമാണ് നിൽക്കേണ്ടത്.
അവരുടെ പരാതികൾ ക്ഷമയോടെ കേൾക്കണം.
അധികാരത്തിന്റെ അകലവും കുറയ്ക്കണം.
തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നു സമ്മതിച്ച് തന്നെ തിരുത്തണം.

കാരണം, ചരിത്രം വീണ്ടും വീണ്ടും തെളിയിക്കുന്ന ഒരു കാര്യമുണ്ട്—
ചെങ്കൊടിയുടെ യഥാർത്ഥ ശക്തി അധികാരകേന്ദ്രങ്ങളിലല്ല. അത് സാധാരണ മനുഷ്യർക്കിടയിലാണ്. നോഖയിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ചെങ്കൊടിയും അതാണ് ഓർമ്മിപ്പിക്കുന്നത്. 45-ൽ 29…. അതെ, അത് വെറുമൊരു തിരഞ്ഞെടുപ്പ് കണക്കല്ല, രാജസ്ഥാനിൽ നിന്ന് ഇന്ത്യൻ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഒരു സന്ദേശമാണത്.
ജനങ്ങളോടൊപ്പം നിന്നാൽ, ജനങ്ങൾ നിങ്ങളോടൊപ്പവും നിൽക്കും.അതല്ലങ്കിൽ, ചവറ്റ് കൊട്ടയിലേക്കാണ് എറിയപ്പെടുക. ജാഗ്രത !

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top