സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ലഭിക്കാത്തതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ലഭിക്കാത്തതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ബെംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ലഭിക്കാത്തതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് സ്വിഗ്ഗിയോട് കോടതി. ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ആപ്പ് വഴി 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ ഐസ്‌ക്രീം വിതരണം ചെയ്യാത്തതില്‍ കമ്പനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു ഉപഭോക്താവ്. സേവനത്തിന്റെ പോരായ്മയാണ് സ്വിഗ്ഗിയില്‍ നിന്നുണ്ടായതെന്ന് നിരീക്ഷിച്ച ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഐസ്‌ക്രീമിന്റെ തുകയായ 187 രൂപയും ഇയാള്‍ക്ക് നഷ്ടപരിഹാരമായി 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും സ്വിഗ്ഗി നല്‍കണമെന്ന് ഉത്തരവിട്ടു.

സ്വിഗ്ഗിയുടെ വാദങ്ങള്‍ കോടതി നിരസിക്കുകയായിരുന്നു. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ഡെലിവറി ചെയ്തിട്ടില്ലെങ്കിലും പരാതിക്കാരന്‍ അടച്ച തുക റീഫണ്ട് ചെയ്യാത്തതിനാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. ഇത് സര്‍വ്വീസിന്റെ പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും സ്വിഗ്ഗിയോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് കോടതി കണ്ടെത്തിയാണ് ഈ തുക നിര്‍ദേശിച്ചത്.

ഡെലിവറി ഏജന്റ് ഐസ്‌ക്രീം കടയില്‍ നിന്ന് ഓര്‍ഡര്‍ എടുത്തെങ്കിലും അത് ഡെലിവര്‍ ചെയ്തില്ല, എന്നാല്‍ ആപ്പിലെ സ്റ്റാറ്റസ് ‘ഡെലിവര്‍ ചെയ്തു’ എന്നായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കില്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള ഒരു ഇടനിലക്കാരന്‍ മാത്രമാണ് ഡെലിവറി ഏജന്റെന്നും. ഡെലിവറി ഏജന്റിന്റെ ആരോപണത്തിന് ഉത്തരവാദികളാകാന്‍ കഴിയില്ലെന്നും സ്വിഗ്ഗി കോടതിയില്‍ വാദിച്ചു. ആപ്പില്‍ ഡെലിവര്‍ ചെയ്തതായി അടയാളപ്പെടുത്തിയപ്പോള്‍ ഓര്‍ഡര്‍ ഡെലിവര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

Top