തൃശൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ക്ഷേത്ര കാര്യങ്ങളിലെ കോടതികളുടെ ഇടപെടലുകൾക്കെതിരെ വിമർശനമുന്നയിച്ച് മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതികൾ ഇടപെടാൻ തുടങ്ങിയാൽ പിന്നെ ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽ എന്തെങ്കിലും റോളുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയുടെ കാര്യത്തിൽ ഇപ്പോൾ ദേവസ്വം ബോർഡിനോ സർക്കാരിനോ യാതൊരു റോളുമില്ലാത്ത അവസ്ഥയാണെന്നും, അവിടെ ഏതു പൂവ് ഉപയോഗിക്കണം എന്ന് പോലും ഹൈക്കോടതിയാണ് നിർദ്ദേശിക്കുന്നതെന്നും മന്ത്രി കെ. മുരളീധരൻ തുറന്നടിച്ചു.
ക്ഷേത്രങ്ങളുടെ ആചാരങ്ങളിലും നടത്തിപ്പിലും കോടതികളുടെ ഇത്തരം ഇടപെടലുകൾ വേണമോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ താൻ നിയമസഭയിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും, നിയമസഭയ്ക്കുള്ളിൽ സംസാരിക്കുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ എന്നും പറഞ്ഞ മന്ത്രി, ഇത്തരം കാര്യങ്ങൾ പുറത്തു പറയുമ്പോൾ മാത്രമാണല്ലോ കോടതി അലക്ഷ്യ നടപടികൾ വരികയെന്നും കൂട്ടിച്ചേർത്തു.






