ന്യൂഡൽഹി: എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിതുടങ്ങി. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യങ്ങളുടെ മിനുക്കു പണികൾ അവസാനഘട്ടത്തിലാണ്.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ നിശ്ചല ദൃശ്യത്തിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം.
കരയില്‍നിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്. വ്യോമാക്രമങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം- നേത്ര, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 155 എംഎം പീരങ്കി, ഡ്രോണ്‍ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഇവയെല്ലാം ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇടം പിടിച്ചിട്ടുണ്ട്.