കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും ജനരോഷത്തിനും വഴിവെച്ച പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്ന് ബുധനാഴ്ച (നവംബർ 4) രാവിലെയോടെയാണ് ഇയാളെ പോലീസ് പിടിയിലാക്കിയത്.
പയ്യോളിയിൽ പതിമൂന്നുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്തിട്ടും ഒരു ദിവസം പോലും കസ്റ്റഡിയിലാകാതെ പ്രതിക്ക് പുറത്തിറങ്ങാൻ സാധിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനുമുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ പ്രക്ഷോഭം കനത്തു. തുടര്ന്ന് സി.ഐ ബാബുമോൻ, സി.പി.ഒ അബ്ദുൾ ഹമീദ് എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Also Read:മരുമകന്റെ ക്രൂരമർദ്ദനം; തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു, പ്രതി അറസ്റ്റിൽ
രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ ക്രൂരത നടക്കുന്നത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ്, മാതാവിന്റെ ഒത്താശയോടെ കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് 10 മാസം മുൻപ് കേസ് രജിസ്റ്റർ ചെയ്ത പയ്യോളി പോലീസ്, രണ്ടാം പ്രതിയായ മാതാവിനെ അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി വിദേശത്തേക്ക് കടന്നു. ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകിയിരുന്നെങ്കിലും, നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറായില്ല. പോലീസിന്റെ ഒത്തുകളിക്കെതിരെ ഉയർന്ന ശക്തമായ ജനരോഷത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലാകുന്നത്.






