പ്രിയങ്ക ചതിച്ചു, വഖഫിൽ അടിപതറി യു.ഡി.എഫ്, അവസരം കൃത്യമായി ഉപയോഗിച്ച് സി.പി.എം

വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ നിന്നും വിട്ടുനിന്ന പ്രിയങ്ക ഗാന്ധിയുടെ നടപടിയും സഭയിൽ മൗനത്തിലായ രാഹുലിൻ്റെ പെരുമാറ്റത്തിലും യു.ഡി.എഫിൽ വൻ പൊട്ടിത്തെറി. ലീഗ് അണികളും നേതാക്കളും ഈ നിലപാടിൽ കടുത്ത അതൃപ്തിയിലാണുള്ളത്. പാർട്ടി കോൺഗ്രസ്സ് തുടങ്ങിയിട്ടും അതിൽ പങ്കെടുക്കാൻ വന്ന സ്വന്തം എം.പിമാര പാർലമെൻ്റിലേക്ക് പറഞ്ഞയച്ച സി.പി.എമ്മിനെ കണ്ട് പഠിക്കണമെന്നാണ് പ്രിയങ്ക ഗാന്ധിയോട് ലീഗ് അണികൾ ഇപ്പോൾ പറയുന്നത്.

പ്രിയങ്ക ചതിച്ചു, വഖഫിൽ അടിപതറി യു.ഡി.എഫ്, അവസരം കൃത്യമായി ഉപയോഗിച്ച് സി.പി.എം
പ്രിയങ്ക ചതിച്ചു, വഖഫിൽ അടിപതറി യു.ഡി.എഫ്, അവസരം കൃത്യമായി ഉപയോഗിച്ച് സി.പി.എം

കോണ്‍ഗ്രസ്സില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന മുസ്ലീം ലീഗ് ഇപ്പോള്‍, ആകെ പെട്ടുപോയ അവസ്ഥയിലാണുള്ളത്. എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി ആഞ്ഞടിച്ച ശൗര്യമൊന്നും വഖഫ് നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവര്‍ കാട്ടിയിട്ടില്ല. വയനാട് എം.പിയും രാജ്യത്തിന്റെ ഭാവി വാഗ്ദാനമായി മുസ്ലീം ലീഗും കൊണ്ടാടുന്ന പ്രിയങ്ക ഗാന്ധി, വഖഫ് ബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ട് നിന്നത് വന്‍ പ്രഹരമാണ് മുസ്ലീം ലീഗിനും കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിനും ഉണ്ടാക്കിയിരിക്കുന്നത്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ ഹാജരാകാന്‍, എല്ലാ എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാര്‍ലമെന്റിലെത്താതെ വിദേശത്തേക്ക് പറക്കുകയാണ് ഉണ്ടായത്.

വഖഫ് ബില്ലിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലെത്തിയിരുന്നില്ല. എന്നാല്‍, പിന്നീട് അദ്ദേഹം ലോക്‌സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനില്‍ക്കുകയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് കാന്‍സര്‍ ബാധിതയായി വിദേശത്ത് ചികിത്സയിലാണെന്നും ആ സുഹൃത്തിനെ കാണാനാണ് പ്രിയങ്ക വിദേശത്തേക്ക് പോയതെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം ന്യായീകരിക്കുന്നത്. മുസ്ലീംലീഗ് അണികള്‍ക്ക് മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസ്സ് അണികള്‍ക്കും ബോധ്യപ്പെടാത്ത ന്യായീകരണമാണിത്. ഇവിടെ ഒരു സമുദായമാകെ ഭരണകൂട കാന്‍സറിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ വയനാട്ടില്‍ നിന്നും മുസ്ലീം വോട്ടിന്റെ ശക്തമായ പിന്‍ബലത്തില്‍ പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്ക, ആ സമുദായത്തെ തന്നെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന വിമര്‍ശനമാണ് വ്യാപകമായി കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

Also Read:  ഹിന്ദു-ക്രൈസ്തവ സമുദായങ്ങള്‍ക്കില്ലാത്ത നിയമ വ്യവസ്ഥ വഖഫ് ബില്ലിനു മാത്രമോ?

സഭയില്‍ വൈകിയെത്തിയ രാഹുല്‍ ഗാന്ധിയും വഖഫ് നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിലും നല്ലൊരു വിഭാഗം യു.ഡി.എഫ് അണികളും രോക്ഷത്തിലാണ്. നിര്‍ണായക ബില്ലില്‍ ചര്‍ച്ച നടന്ന ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വൈകിയാണ് സഭയിലെത്തിയിരുന്നത്. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒരു മണിക്കൂര്‍ 40 മിനിറ്റ് കോണ്‍ഗ്രസിന് അനുവദിച്ചിരുന്നിട്ടും രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കാതിരുത്തില്‍ സി.പി.എമ്മും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. സി.പി.എമ്മിന്റെ ഏറ്റവും നിര്‍ണ്ണായകമായ പാര്‍ട്ടി സമ്മേളനം മധുരയില്‍ തുടങ്ങിയിട്ടും അതില്‍ പങ്കെടുക്കാതെയാണ് സി.പി.എം എം.പിമാര്‍ എല്ലാവരും സഭയില്‍ എത്തി ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ എത്തിയ എം.പിമാരോട് പെട്ടന്ന് തന്നെ ഡല്‍ഹിയ്ക്ക് തിരിക്കാന്‍ സി.പി.എം നേതൃത്വം നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്.

Priyanka Gandhi

വഖഫ് നിയമഭേദഗതി ബില്ലിനെ അതീവ ഗൗരവത്തിലെടുത്ത് സി.പി.എ കാണിച്ച ഈ ഉത്തരവാദിത്വം, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് കാണിക്കാതിരുന്നത് എന്ത് കൊണ്ടാണ് എന്നത് നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയാണ് മുസ്ലീം ലീഗിനും ഉണ്ടാക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് ഇനിയും യു.ഡി.എഫില്‍ തുടര്‍ന്നാല്‍, ലീഗിന്റെ അടിത്തറയെ തന്നെ, അത് സാരമായി ബാധിക്കുമെന്നാണ് ലീഗിലെ പ്രബല വിഭാഗം കരുതുന്നത്. പ്രത്യേകിച്ച്, തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ, ഈ വിഷയം മുന്‍ നിര്‍ത്തി ഇടതുപക്ഷം നേട്ടം കൊയ്യുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ ഭയക്കുന്നത്.

അതേസമയം, വഖഫ് നിയമം ജനാധിപത്യ വിരുദ്ധവും ദുരുദ്ദേശപരവുമാണ് എന്ന് വാദിച്ച് കൊണ്ടും കോണ്‍ഗ്രസ്സിന്റെ ഇരട്ടതാപ്പ് നയം തുറന്ന് കാട്ടികൊണ്ടും ഇടതുപക്ഷ ഹാന്‍ഡലുകള്‍ ശക്തമായ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ അഴിച്ചു വിട്ടിരിക്കുന്നത്. ഈ പ്രചരണത്തിന് മുന്നില്‍ യു.ഡി.എഫ് നേതൃത്വം പതറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള വഖഫ് (ഭേദഗതി) ബില്‍ 2025, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഏപ്രില്‍ -2ന് ലോകസഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റിജിജു ആദ്യമായി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നത.് തുടര്‍ന്ന് അത് കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. അതിന് ശേഷമാണ് വിവാദമായ ബില്‍ ഇന്നലെ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ച് പാസ്സാക്കിയിരിക്കുന്നത്.

Rahul Gandhi

ബിജെപിയെ സംബന്ധിച്ചെടുത്തോളം ഏത് നിയമവും അവരെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധം കൂടിയാണ്. അതുതന്നെയാണ് വഖഫ് നിയമ ഭേദഗതി ബില്ല് വഴിയും അവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ പാസ്സാക്കിയ നിയമത്തിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയണമെങ്കില്‍, ആദ്യം വഖഫ് എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ‘വഖഫ്’ എന്നാല്‍ ഇസ്ലാം മതപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങള്‍ക്കായി ജംഗമമോ സ്ഥാവരമോ ആയ സ്വത്തുക്കള്‍ എന്നന്നേക്കുമായി സമര്‍പ്പിക്കുന്നതാണ്. ഇത് ആര്‍ക്കാണോ സമര്‍പ്പിക്കുന്നത് അവരുടേ നിയന്ത്രണത്തിലാകും ഈ സ്വത്തുക്കളുണ്ടാകുക. അത് സമര്‍പ്പിച്ചയാള്‍ക്ക് പിന്നീട് ഒരു അവകാശവുമില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇത് ലഭിച്ചയാള്‍ അത് ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്.

വഖഫ് ചെയ്ത് കിട്ടുന്ന സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ അല്ല എന്നതും നാം മനസ്സിലാക്കണം. അതിന്റെ നടത്തിപ്പ് നന്നായി നടക്കുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് ബോര്‍ഡിന്റെ ചുമതലയില്‍ പെടുന്നത്. പുതിയ ബില്‍ വരുമ്പോള്‍, പതിവ് പോലെ ഇത് വഖഫ് സ്വത്തുക്കളുടെ മെച്ചപ്പെട്ട നടത്തിപ്പിനാണ് എന്ന വാദമാണ് ബിജെപി ഉയര്‍ത്തുന്നത്. പുതിയ ബില്ലിന്റെ STATEMENT OF OBJECTS AND REASONS ല്‍ ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: ‘സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍, രജിസ്‌ട്രേഷന്‍, വഖഫ് സ്വത്തുക്കളുടെ സര്‍വേ, കയ്യേറ്റം നീക്കം ചെയ്യല്‍, വഖ്ഫ്’ എന്നതിന്റെ നിര്‍വചനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ എല്ലാം ഫലപ്രദമായി പരിഹരിക്കുന്നതിന് ഈ നിയമം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.’അതായത് ഇതുവരെ ഉണ്ടായിരുന്ന Waqf (Amendment) Act, 2013 ല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നാണ് ബിജെപിയുടെ ഭാഷ്യം.

Kiren Rijiju

അതേസമയം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ ഇത് നിയമമാകുന്നതോടെ വഖഫ് ഭരണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സി.പി.എം ഉള്‍പ്പെടെ ഉന്നയിക്കുന്നത്. അവര്‍ ഇതു സംബന്ധമായി ഒന്നാമതായി പറയുന്ന കാര്യം ഇപ്രകാരമാണ്. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ അധികാരങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് പുതിയ നിയമം എന്നാണ് പറയുന്നതെങ്കിലും പുതിയ നിയമപ്രകാരം വഖഫ് ബോര്‍ഡുകള്‍ക്ക് ലഭ്യമായ അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്നതാണ് വസ്തുത. വഖഫ് സ്വത്തുക്കളുടെ നിര്‍ണ്ണയം അല്ലെങ്കില്‍ കയ്യേറ്റം നീക്കം ചെയ്യല്‍ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ എന്നിവ റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ്. ഇതിലെ പ്രശ്‌നം മറ്റൊന്നാണ്, വഖഫ് എന്നത് പൂര്‍ണ്ണമായും ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതിനെ സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് തന്നെ രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

രണ്ടാമതായി സി.പി.എം പറയുന്നത് 1995-ലെ നിയമവുമായി ബന്ധപ്പെട്ടാണ്. വഖഫ് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍, ഒരു പാര്‍ലമെന്റ് അംഗം, രണ്ടു നിയമസഭാ അംഗങ്ങള്‍, ഒരു ബാര്‍ കൗണ്‍സില്‍ അംഗം, വഖഫുകളില്‍ നിന്നുള്ള മുത്തവല്ലിമാരുടെ രണ്ടു പ്രതിനിധികള്‍, മുസ്ലീം സമുദായ പ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരാണ് ഉള്‍പ്പെടേണ്ടതെന്നാണ് 1995ലെ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ അടിസ്ഥാനതത്വം പാടെ അട്ടിമറിക്കുന്ന വിധത്തിലാണ് ഭേദഗതി ബില്ലിലെ വകുപ്പുകള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള ബോര്‍ഡ് ജനാധിപത്യ വ്യവസ്ഥയ്ക്ക് പൂര്‍ണമായും എതിരാകുമെന്നാണ് മുന്നറിയിപ്പ്. ഈ ബോര്‍ഡിന് നിഷ്പക്ഷമായി തീരുമാനമെടുക്കാനാകില്ലന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു.

CPIM

അടുത്ത വാദം, 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 40 പ്രകാരം ഒരു പ്രത്യേക സ്വത്തുക്കള്‍, വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമാണ് എന്നതാണ്. എന്നാല്‍, നിര്‍ദിഷ്ട ഭേദഗതിയില്‍ ഈ വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. 36-ാം വകുപ്പിലെ നിര്‍ദിഷ്ട ഭേദഗതി പ്രകാരം വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ജില്ലാ കലക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ സ്ഥാനത്ത് പണ്ട് ക്ഷേത്രമായിരുന്നു എന്ന് ഒരു രേഖയും ഇല്ലാതെ ചരിത്രവിരുദ്ധമായി അവകാശം സ്ഥാപിക്കാന്‍ ഇറങ്ങിയ ശക്തികള്‍ ഈ ഭേദഗതിയും ആയുധമായി ഉപയോഗപ്പെടുത്തുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ക്ക് അവിശ്വാസ വോട്ടിലൂടെ ചെയര്‍പേഴ്സണെ നീക്കം ചെയ്യുന്നതിനായി നേരത്തെ നിയമത്തില്‍ ഉണ്ടായ സെക്ഷന്‍ 20F ഇല്ലാതാക്കുന്നതിനെയും സി.പി.എം നേതൃത്വം ചോദ്യം ചെയ്യുന്നുണ്ട്. പുതിയ നിയമപ്രകാരം ഒരു ചെയര്‍മാനെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തുകഴിഞ്ഞാല്‍, പിന്നെ ബോര്‍ഡിലെ ഭൂരിപക്ഷം തീരുമാനിച്ചാലും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ കഴിയുകയില്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇടതുപക്ഷം തുറന്നടിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ യൂണിവേഴ്സിറ്റിയുടെയും അതിലെ വിദ്യാര്‍ത്ഥികളുടെയും താല്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന അനുഭവം ഉള്ള നാട്ടില്‍ സര്‍ക്കാര്‍ ഇച്ഛയ്ക്ക് അനുസരിച്ചു മാത്രം വഖഫ് ബോര്‍ഡിനെ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം വലിയ പ്രത്യാഘാതമാണുണ്ടാക്കാന്‍ പോകുന്നത്. വഖഫ് ബോര്‍ഡിലെ മുസ്ലീങ്ങള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്താനുള്ള ഭേദഗതി തത്കാലം അവിടെ നിക്കട്ടെ. അത് ഇന്‍ക്ലൂസിവിറ്റി കൊണ്ടുവരാനാണ് എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍, അതെസമയം അമുസ്ലീങ്ങളെ വഖഫ് നല്‍കുന്നതില്‍ നിന്നും വിലക്കുന്നതും അഞ്ചു വര്‍ഷം മുസ്ലീമായി ജീവിച്ചവര്‍ക്ക് മാത്രമേ വഖഫിന് സ്വത്ത് സമര്‍പ്പിക്കാന്‍ കഴിയൂ എന്ന് പറയുന്നതും എന്തിനാണ് എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന അടുത്ത ചോദ്യം.

BJP

ഇസ്‌ലാമിക നിയമമനുസരിച്ച്, ഒരു അമുസ്ലീമിന് ഒരു വഖഫ് രൂപീകരിക്കാം, ഒരു അമുസ്ലീം ഒരു വഖഫ് സ്ഥാപനത്തിന്റെ മുതവല്ലിയാകുന്നതിന് തടസ്സവുമില്ല. അങ്ങനെയെങ്കില്‍, അമുസ്ലീം നല്‍കുന്ന സംഭാവന എന്തിന് തടയണം എന്നതും ഒരു ചോദ്യമായി അവശേഷിക്കുകയാണ്. ഹിന്ദു എന്‍ഡോവ്മെന്റ് നിയമം, അതായത് ആന്ധ്രപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്റ് എന്‍ഡോവ്മെന്റ് ആക്ട്, 1987 ലെ സെക്ഷന്‍ 3 പ്രകാരം, ഹിന്ദു എന്‍ഡോവ്മെന്റ് സൃഷ്ടിക്കുന്നതില്‍ നിന്ന് ഒരു അഹിന്ദുവിനെ തടയുന്നില്ല. ഒരു അമുസ്ലീം വഖഫ് ഉണ്ടാക്കുന്നത് സാധുവാണെന്ന് കോടതികളും അംഗീകരിച്ചിട്ടുണ്ട്. അപ്പോള്‍ ഈ നിയമത്തില്‍ ഇങ്ങനെ ചിലത് പറയുന്നത് മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ടുമാത്രമാണൈന്നും സി.പി.എം ആരോപിക്കുന്നു.

ദാനധര്‍മ്മം വീട്ടില്‍ നിന്ന് ആരംഭിക്കുന്നു എന്നതാണ് കുടുംബ വഖഫിന്റെ പിന്നിലെ ആശയം. സമര്‍പ്പിതന്റെ കുടുംബാംഗങ്ങള്‍ക്ക് വഖഫ് സൃഷ്ടിക്കാന്‍ ഇസ്ലാമിക നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വസ്തുവിന്റെ ഉടമ, തന്റെ വായ്പകളും കുടിശ്ശികകളും തീര്‍പ്പാക്കിയ ശേഷം, തന്റെ സ്വത്തിന്റെ ഒരു ഭാഗം തന്റെ കുടുംബത്തിലെ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനോ ക്ഷേമത്തിനോ വേണ്ടി തലമുറതലമുറയോളം വഖഫ് ചെയ്യാം. എന്നാല്‍ പുതിയ നിയമമനുസരിച്ച് വഖ്ഫിന്റെ എല്ലാ അവകാശികളുടെയും അവകാശങ്ങള്‍ നിറവേറ്റിയതിനുശേഷം മാത്രമേ കുടുംബ വഖഫ് സൃഷ്ടിക്കാന്‍ കഴിയുകയൊള്ളൂ. പെട്ടന്ന് കേള്‍ക്കുമ്പോള്‍ ഇത് നല്ലതല്ലേ എന്ന് തോന്നാമെങ്കിലും, രാജ്യത്തിന്റെ പൊതു നിയമങ്ങള്‍ക്കനുസരിച്ചുള്ള അനന്തരാവകാശത്തെ മറികടന്ന്, ഒരു വസ്തുവിന്റെ ഉടമസ്ഥന് തന്റെ ജീവിതകാലത്ത് ഒരു വില്‍പത്രം നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍ ഒരു വഖ്ഫിന്റെ സ്രഷ്ടാവിന് അത്തരമൊരു അവകാശം നിഷേധിക്കുന്നത് എന്തുകൊണ്ട് എന്നാണ് ഇടതുപക്ഷം ചോദിക്കുന്നത്.

Also Read: വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

അതുകൊണ്ടു തന്നെ, ഈ ഭേദഗതി വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കുന്നതിന് തുല്യമാണെന്നും. ഈ ഭേദഗതിയുടെയും പിന്നില്‍ ഗൂഢ താല്പര്യങ്ങളുണ്ടെന്നുമുള്ള കാര്യത്തില്‍, സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ഉറച്ചു നില്‍ക്കുകയാണ്. സി.പി.എം ഹാന്‍ഡുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ വാദങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, അന്തംവിട്ടിരിക്കുന്നത് കോണ്‍ഗ്രസ്സും മുസ്ലീം ലീഗുമാണ്. കാരണം, പ്രിയങ്ക ഗാന്ധിയുടെ വിട്ടുനില്‍ക്കലും പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ മൗനവും എല്ലാം വലിയ പ്രതിസന്ധിയിലേക്കാണ് ആ മുന്നണിയെ ഇപ്പോള്‍ തള്ളിവിട്ടിരിക്കുന്നത്. അതെന്തായാലും, ഈ ഘട്ടത്തില്‍ പറയാതെ വയ്യ…


Express View

വീഡിയോ കാണാം……

Share Email
Top