കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും, ക്യൂബയും, സോവിയറ്റ് യൂണിയനെയുമൊക്കെ നമുക്ക് നല്ലതുപോലെ അറിയാം. പക്ഷേ അതുപോലെ തന്നെ ഇന്നും കമ്യൂണിസത്തെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഒരു കൊച്ച് രാജ്യമുണ്ട് ലോകത്തിന്റെ കോണില്‍… ലാവോസ്, സോഷ്യലിസ്റ്റ് ലാവോസ്! പലര്‍ക്കും ലാവോസിന്റെ കമ്മ്യൂണിസ്റ്റ് ആസക്തിയെപ്പറ്റി അറിയില്ല. ലോകത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിലൊന്നാണ് ലാവോസിലേത്. ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നാണ് ലാവോസിന്റെ ഔദ്യോഗിക നാമം. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി 13-ാം നൂറ്റാണ്ട് മുതല്‍ 18-ാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലാവോസിന്റെ ചരിത്രം ഏറെ സംഘര്‍ഷഭരിതമായിരുന്നു.
1955 മുതല്‍ 1975 വരെ അരങ്ങേറിയ വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നതാണ് ലാവോസിന് വിനയായത്. 1958 മുതല്‍ ദക്ഷിണ വിയറ്റ്‌നാമിനെതിരായ ആക്രമണത്തില്‍ ആയുധ വിതരണത്തിനും മറ്റുമുള്ള കേന്ദ്രമായി വടക്കന്‍ വിയറ്റ്‌നാം കീഴ്‌പ്പെടുത്തിയതോടെയാണ് ലാവോസ് യുദ്ധത്തിന്റെ ഭാഗമായത്. യുദ്ധത്തില്‍ അനാവശ്യമായി ഇടപ്പെട്ടിരുന്ന അമേരിക്ക അന്ന് വടക്കന്‍ വിയറ്റ്‌നാമില്‍ അമേരിക്കയെ തുരത്താന്‍ ഹോചിമിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് നോര്‍ത്ത് വിയറ്റ്‌നാമീസിന്റെയും സോവിയറ്റ് യൂണിയന്റെയും പിന്തുണയുള്ള പാതെറ്റ് ലാവോ എന്ന ലാവോസിലെ ആര്‍മി പടയ്‌ക്കെതിരെയും ഒരു ബോംബിംഗ് ക്യാമ്പെയ്ന്‍ ആരംഭിച്ചു. അതിനിടയില്‍ അമേരിക്ക ലാവോസില്‍ രണ്ട് ദശലക്ഷം ടണ്‍ ബോംബുകള്‍ വര്‍ഷിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലും ഏഷ്യയിലും അമേരിക്ക വര്‍ഷിച്ച 2.1 ദശലക്ഷം ടണ്‍ ബോംബുകള്‍ക്ക് തുല്യമായിരുന്നു ഇത്. അമേരിക്കയുടെ ഈ ക്രൂരതയില്‍ പിറന്നത് ലോകത്തിലെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പതിച്ച രാജ്യമെന്ന ലാവോസിന്റെ വേദനയാണ്. ഈ ബോബ് വൃഷ്ടിയില്‍ ലാവോസിലുണ്ടായ നാശനഷ്ടങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമാണ്. വിശാലമായ ലാവോസ് ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതായി. അന്ന് പതിച്ച ബോംബിന്റെ പ്രത്യാഘാതം ഓരോ വര്‍ഷവും ഏകദേശം അമ്പതിലേറെ ലാവോഷ്യക്കാരെ ശാരീരികമായി ബാധിക്കുന്നു.
പോരാട്ടങ്ങള്‍ക്കൊടുവില്‍ 1975ലാണ് ലാവോ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി (എല്‍പിആര്‍പി) ലാവോസ് എന്ന കൊച്ചുരാജ്യത്തെ രാജവാഴ്ചയ്ക്കും സാമ്രാജ്യത്വാധിപത്യത്തിനും വിട്ടുകൊടുക്കാതെ തിരിച്ചുപിടിച്ചത്. ഫ്രഞ്ച് കൊളോണിയലിസത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആഭ്യന്തര രാജവാഴ്ചയ്ക്കുമെതിരായി പോരാടിയിരുന്ന പതെറ്റ് ലാവോ എന്ന ആര്‍മിയാണ് ലാവോസിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. 1975 ഡിസംബര്‍ രണ്ടിന് നീണ്ടകാലത്തെ പൊരുതലുകള്‍ക്കൊടുവില്‍ രാജ്യം സ്വതന്ത്രമായി. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കയ്‌സണ്‍ ഫോമ്വിഹാന്‍ രാജ്യത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പോരാട്ടത്തിന്റെ പാരമ്പര്യം തുടങ്ങിയത് പതെറ്റ് ലാവോയില്‍ നിന്നുമാത്രമല്ല. അതിന് ചരിത്രങ്ങളുടെ പഴക്കമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ചുകാര്‍ ലാവോസില്‍ ആധിപത്യം സ്ഥാപിച്ചതോടെ ലാവോസിന്റെ ചരിത്രത്തില്‍ കൊളോണിയലിസത്തിന് തുടക്കമായി.
തെക്കന്‍ ലാവോസിലെ മോന്‍-ഖെമര്‍ ഗോത്രവിഭാഗത്തിന്റെ നേതാക്കളായ ഓങ് കിയോയുടെയും ഓങ് കൊമ്മാന്‍ഡത്തിന്റെയും നേതൃത്വത്തില്‍ ഫ്രഞ്ച് കൊളോണിയലിസത്തിനും ലാവോ ബൂര്‍ഷ്വാസിക്കുമെതിരായി 1901-1937 കാലത്ത് സായുധകലാപം നടന്നു. പിന്നീട് 1917ല്‍ റഷ്യയിലുണ്ടായ ബോള്‍ഷെവിക് വിപ്ലവം വിജയിച്ചത് പുതിയൊരു തുടക്കമായിരുന്നു. കൊളോണിയലിസത്തില്‍ വലഞ്ഞിരുന്ന രാജ്യങ്ങള്‍ക്ക് സ്വാതന്ത്രത്തിന് വേണ്ടി പൊരുതാനുള്ള ഒരു ധൈര്യമായത് മാറി. പതിയെ ലോകത്തിന്റെ പല കോണുകളിലായി കമ്യൂണിസ്റ്റ്- വര്‍ക്കേഴ്‌സ് പാര്‍ട്ടികള്‍ രൂപംകൊണ്ടു. മാര്‍ക്‌സിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന വിയറ്റ്‌നാമിന്റെ വിപ്ലവകാരി ഹോ ചി മിന്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ദേശപ്രകാരം 1930 ല്‍ വിയറ്റ്‌നാം, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൂട്ടിയോജിപ്പിച്ച് ഇന്തോ-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (ഐസിപി) രൂപീകരിച്ചു. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള പോരാട്ടത്തില്‍ ഈ മൂന്ന് പ്രദേശങ്ങളിലെയും വിപ്ലവകാരികള്‍ ഒന്നിച്ച് അണിനിരക്കുകയും സമരതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനും അതിന് ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.
ലാവോ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടിയുടെ അടിത്തറ തന്നെ മാര്‍ക്‌സിസം, ലെനിനിസം എന്നീ ആശയങ്ങളായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമായിരിക്കണം രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് പാര്‍ട്ടി അടിയുറച്ച് വിശ്വസിച്ചിരുന്നു. ലാവോസിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യം കെട്ടിപ്പടുക്കുന്നതിനായി തൊഴിലാളികളെയും കര്‍ഷകരെയും വിദ്യാര്‍ഥികളെയും ചേര്‍ത്തുനിര്‍ത്തുന്നതിനും പാര്‍ട്ടി കൊടുത്ത പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. ഒട്ടനവധി വിപ്ലവകാരികളാല്‍ കെട്ടിപ്പണിത ഈ പാര്‍ട്ടി ജനങ്ങളുടെ ഉന്നമനത്തിനായി പൊരുതുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അന്താരാഷ്ട്ര തലത്തിലും പാര്‍ട്ടിയുടെ സാന്നിധ്യം വളരെ വലുതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വദേശീയ വേദിയായ ‘ഇന്റര്‍നാഷണല്‍ മീറ്റിങ് ഓഫ് കമ്യൂണിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടീസി’ലെ സ്ഥിരസാന്നിധ്യമാണ് പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി. കൊളോണിയലിസത്തിനും രാജവാഴ്ചയ്ക്കും സാമ്രാജ്യത്വാധിനിവേശത്തിനുമെതിരായ നിരന്തരപോരാട്ടമാണ് ലാവോസ് എന്ന കുഞ്ഞന്‍ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Also Read: അമേരിക്ക ഒറ്റിയ കുര്‍ദിസ്ഥാന്‍, സ്വന്തമായി രാജ്യമില്ലാത്ത കുര്‍ദിഷ് ജനത
കമ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസിന്റെ ഓരോ മുക്കിലും മൂലയിലും അരിവാള്‍ ചുറ്റിക പതിപ്പിച്ച ചെങ്കൊടികള്‍ പാറുന്നത് കാണാനാകും. അടിയുറച്ച കമ്യൂണിസ്റ്റ് പാരമ്പര്യം പേറുന്ന ഈ രാജ്യം കടല്‍തീരമില്ലാതെ, നാലുപാടും കരയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ബീച്ചുകളില്ലെങ്കിലും കാടും പുഴയും കൃഷിസ്ഥലങ്ങളും നഗരങ്ങളുമൊക്കെയായി രാജ്യം ഭൂമിശാസ്ത്രപരമായി മികച്ചു നില്‍ക്കുന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യത്തിന്റെ പ്രധാന ആഹാരങ്ങളിലൊന്നാണ് കാവോ നിയോ എന്ന് വിളിക്കുന്ന ചോറ്. മൂന്ന് നേരവും ഈ അരിയുടെ ചോറ് കഴിക്കുന്നവരാണ് വലിയൊരു വിഭാഗം. അറബിക്ക, റോബസ്റ്റ തുടങ്ങിയ കാപ്പികള്‍ ലാവോസില്‍ ധാരാളമായി വളരുന്നുണ്ട്. പ്രതിവര്‍ഷം 20,000 ടണ്‍ കാപ്പിയാണ് ഈ കൊച്ചു രാജ്യം ഉത്പാദിപ്പിക്കുന്നത്. ഇവിടെയുള്ള 80 ശതമാനത്തിലേറെ പേര്‍ക്കും കൃഷിയോ അനുബന്ധ തൊഴിലുകളോ ആണുള്ളത്. നെല്ലാണ് പ്രധാന വിള. കൃഷിക്ക് പുറമെ വിനോദസഞ്ചാരമാണ് പ്രധാന വരുമാന മാര്‍ഗം. വിസ ചട്ടങ്ങളിലെല്ലാം ഇളവുവരുത്തി കൂടുതല്‍ സഞ്ചാരികളെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ലാവോസിപ്പോള്‍. വിയറ്റ്നാം, കംബോഡിയ, തായ്ലാന്‍ഡ്, ചൈന, മ്യാന്മര്‍ എന്നിവരാണ് ലാവോസിന്റെ അയല്‍ക്കാര്‍.