ദുബായ്: ദുബായിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ സിലിക്കൻ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയോടെ അപ്രതീക്ഷത മഴ പെയ്തു. ചിലയിടങ്ങളിൽ ഇടത്തരം മഴയും ചിലയിടങ്ങളിൽ ശക്തമായ മഴയുമാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റാസൽഖൈമ, ഫുജൈറയിലെ അൽ ഇഖ, ഷാർജയിലെ അൽ മദാം, സുഹൈല, ദൈദ് എന്നിവിടങ്ങളിലും ഉമ്മുൽഖുവൈനിലെ അൽ റൗദയിലും മഴ രേഖപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ കടുത്ത തണുപ്പാണ് രാജ്യത്ത്. അതിനിടെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ വെള്ളിയാഴ്ച രാവിലെ മഞ്ഞുവീഴ്ച്ച റിപ്പോർട്ട് ചെയ്തു. ഇത്തവണ ശൈത്യകാലം ആരംഭിച്ച ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ തണുപ്പാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.