1914-ലെ ആ തണുത്ത ക്രിസ്മസ് രാത്രി, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും എന്നാൽ അവിശ്വസനീയവുമായ ഒരു അധ്യായത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയിൽ, വെടിയുണ്ടകൾക്കും ചോരപ്പുഴകൾക്കും നടുവിൽ ശത്രുതയുടെ അതിർവരമ്പുകൾ മാഞ്ഞുപോയ ആ നിമിഷത്തെ ‘ക്രിസ്മസ് ട്രൂസ്’ (Christmas Truce) എന്ന് ലോകം ഇന്നും ആദരവോടെ സ്മരിക്കുന്നു. അസഹനീയമായ തണുപ്പും ചെളിക്കുഴികളും നിറഞ്ഞ യുദ്ധഭൂമിയിൽ, മരണത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന സൈനികർക്കിടയിൽ അപ്രതീക്ഷിതമായി സമാധാനത്തിന്റെ ഒരു വെട്ടം ഉദിച്ച രാത്രിയായിരുന്നു അത്.
പരസ്പരം വെടിയുതിർത്തിരുന്ന പീരങ്കികൾ നിശബ്ദമായ ആ നിമിഷം, തോക്കുകൾ താഴെവെച്ച് ശത്രുസൈനികർ പരസ്പരം ആലിംഗനം ചെയ്യുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. വെസ്റ്റേൺ ഫ്രണ്ടിലെ ആ രക്തം പുരളാത്ത നിമിഷങ്ങൾ മനുഷ്യത്വത്തിന്റെ ഉദാത്തമായ അടയാളമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും സ്നേഹത്തിന്റെ ഒരു ചെറിയ കണികയ്ക്ക് ലോകത്തെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് കാണിച്ചുതന്ന ആ നിമിഷം ഇതായിരുന്നു.
‘സൈലന്റ് നൈറ്റ്’ യുദ്ധഭൂമിയിൽ മുഴങ്ങിയപ്പോൾ
ഡിസംബർ 24-ാം തീയതി രാത്രി ജർമൻ ട്രെഞ്ചുകളിൽ നിന്ന് കേട്ടു തുടങ്ങിയ പാട്ടുകൾ ആദ്യം ബ്രിട്ടീഷ് സൈനികരെ ആശയക്കുഴപ്പത്തിലാക്കി. ‘സ്റ്റിൽ നാച്ച്, ഹെയ്‌ലിഗ് നാച്ച്’ലോകം തിരിച്ചറിയുന്ന ‘സൈലന്റ് നൈറ്റ്’ എന്നെ ഗാനങ്ങൾ അവരുടെ ചെവികളിൽ വീണു. കുറച്ച് സമയത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളക്കാരും കരോൾ പാടി മറുപടി നൽകി. ഇരുണ്ട ട്രെഞ്ചുകളിൽ നിന്ന് ഉയർന്നു കേട്ട ആ ഈണങ്ങൾ ‘നോ മാൻസ് ലാൻഡിലെ’ നിശബ്ദതയെ ഭേദിച്ചു കൊണ്ട് മെല്ലെ പടർന്നു പിടിച്ചു. യുദ്ധത്തിന്റെ ഭീകരതയും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും താൽക്കാലികമായി വഴിമാറിയപ്പോൾ, മനുഷ്യാവബോധത്തിന്റെ ശുദ്ധമായ തന്ത്രികൾ ഇരുവശത്തുമുള്ള സൈനികരെ തമ്മിൽ കോർത്തിണക്കി. മരണത്തിന്റെ മണം തങ്ങിനിന്നിരുന്ന ആ ശൂന്യപ്രദേശത്ത് അന്ന് പൂവിട്ടത് അപൂർവ്വമായ ഒരു സൗഹൃദമായിരുന്നു.
പിന്നീട്, ചരിത്രത്തിൽ ഒരിക്കലും മറക്കാത്ത ഒരു ചിത്രം രൂപപ്പെട്ടു. ജർമ്മൻ പട്ടാളക്കാർ ട്രെഞ്ചുകളിൽ നിന്ന് എഴുന്നേറ്റ് വിളക്കുകൾ ഉയർത്തി, “മെറി ക്രിസ്മസ്!” എന്ന് വിളിച്ചു. ശത്രുക്കളോട് ആശംസയുമായി കൈ നീട്ടിയ ആ നിമിഷം യുദ്ധത്തിനകത്തുണ്ടായ അതിശയകരമായ ഒരു മനുഷ്യവിജയം ആയിരുന്നു.
പ്രണയവും പൂർവ്വസ്മരണകളും പങ്കുവെച്ച ഒരു ദിവസം
1914-ലെ ക്രിസ്മസ് പ്രഭാതത്തിൽ, പല മുന്നണികളിലും പട്ടാളക്കാർ ആയുധങ്ങൾ താഴെവെച്ച് നോ മാൻസ് ലാൻഡിലേക്ക് നടന്നു. അവർ കൈകുലുക്കി. ചിലർ സിഗരറ്റുകൾ കൈമാറി, ചിലർ വീട്ടിൽ നിന്നുള്ള കേക്കും ബ്രെഡും ബട്ടണുകളും ബാഡ്ജുകളും പ്രിയപ്പെട്ടവരുടെ ചെറുഫോട്ടോകളും കൈമാറി. അവർ ചെറു സമ്മാനങ്ങൾ മാത്രം നൽകിയില്ല. ഭയം, വിദ്വേഷം, ശത്രുത എന്നീ എല്ലാം ഒരുദിവസത്തേക്ക് ഉപേക്ഷിച്ചു.

വാരങ്ങളോളം ഇടയിൽ കിടന്നിരുന്ന വീണ കൂട്ടുകാരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ബ്രിട്ടീഷും ജർമനുകളും ചേർന്ന് പ്രവർത്തിച്ചു. രണ്ടു ഭാഷകളിലും പ്രാർത്ഥനകൾ അരങ്ങേറി. സൈനികരുടെ വേർതിരിവ് ഒരു നിമിഷം നിലച്ചുപോയി, ശത്രുക്കൾ ശത്രുക്കളല്ല, സ്വന്തം പോലെയുള്ള സാധാരണ മനുഷ്യർ എന്ന തിരിച്ചറിവ് അവരുടെ ഹൃദയത്തിൽ തെളിഞ്ഞു.
ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും പ്രശസ്തമായ സംഭവങ്ങളിൽ ഒന്നായിരുന്നു ആ ഫുട്ബോൾ മത്സരം. ഫ്രാൻസിലെ ഫ്രെലിംഗിയൻ പ്രദേശത്ത് നോ മാൻസ് ലാൻഡിൽ ഒരു താത്കാലിക പന്ത് കൊണ്ട് ബ്രിട്ടീഷ്-ജർമ്മൻ പട്ടാളക്കാർ സൗഹൃദ കളി കളിച്ചു. ആരാണ് ജയിച്ചത്? ചരിത്രം അത് പറയുന്നില്ല. കാരണം അവിടെ വിജയം സ്കോറുകളിൽ അല്ല, മറിച്ച് മനുഷ്യത്വം ആയിരുന്നു.
ഉന്നത കമാൻഡിന്റെ അസ്വസ്ഥതയും യുദ്ധത്തിന്റെ മടങ്ങിവരവും
അതേസമയം, തടസ്സത്തെപ്പറ്റി റിപ്പോർട്ടുകളുമായി മേധാവികളെത്തി. അവർ പരിഭ്രമിച്ചു ശത്രുവിന്റെ മനുഷ്യവശം കണ്ട സൈനികരെ ഇനി എങ്ങനെ കൊല്ലാൻ ഉത്തരവിടാനാകും? അതിനാൽ കർശന ഉത്തരവുകളും ഭാവിയിലെ ക്രിസ്മസുകളിൽ പോലും മനഃപൂർവ്വം ആക്രമണങ്ങളുമായി വെടിനിർത്തൽ വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടികളും നടപ്പാക്കി. 1915 ജനുവരി എത്തിയപ്പോൾ യുദ്ധം പഴയ ക്രൂരതയോടെ തിരിച്ചെത്തി. 1914-ലെ ആ ക്രിസ്മസ് രാവിൽ വിരിഞ്ഞതുപോലൊരു സമാധാനം ചരിത്രത്തിൽ പിന്നീട് ഒരിക്കലും ആവർത്തിക്കപ്പെട്ടില്ല. അതുകൊണ്ടാണ് ആ വെടിനിർത്തൽ കേവലം ഒരു യുദ്ധവിരാമമായിട്ടല്ല, മറിച്ച് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നടുവിലും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിച്ച ‘യുദ്ധഭൂമിയിലെ അത്ഭുതകഥ’യായി ഇന്നും ലോകം നെഞ്ചേറ്റുന്നത്.






