മെയ് 18 നാണ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തത്. ജൂൺ 26 വരെ നോക്കിയാൽ കൃത്യം 37 ദിവസം മാത്രമേ ആയിട്ടൊള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ ഒരിക്കലും ഒരു വിലയിരുത്തലിന് പോലും പ്രസക്തിയില്ലെങ്കിലും, ചില കാര്യങ്ങൾ ഈ ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചിട്ടുണ്ട്. അത് പറയാതിരിക്കാൻ കഴിയുകയില്ല.
മാധ്യമങ്ങളുടെയും മുസ്ലീം ലീഗിൻ്റെയും എല്ലാം ചിറകിലേറി മുഖ്യമന്ത്രി കസേരയിൽ ലാൻഡ് ചെയ്ത വിഡി സതീശൻ്റെ ഇമേജ് എന്തായാലും ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തവിട് പൊടിയായിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നിയമസഭയിൽ നാം കണ്ടിരിക്കുന്നത്. കുട്ടനാട് എംഎൽഎയും, യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടിയും, പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണവും പുറത്തുവന്നത് മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ് മാത്രമല്ല, ആരാണ് സതീശൻ എന്നത് കൂടി നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട്.
അന്യൻ സിനിമയിൽ വിക്രം ചെയ്ത കഥാപാത്രത്തെ പോലെ നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ നിലപാടും ഭാവവും മാറുന്നത് പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നത് സി.പി.എം എം എൽ എ ആയ, കെ യു ജനീഷ് കുമാറാണ്. ഈ ഒരൊറ്റ സംഭവത്തോടെ നാണംകെട്ട അവസ്ഥയിലാണ് നമ്മുടെ മുഖ്യൻ ഇപ്പോഴുള്ളത്. ഇങ്ങനെ നിലപാട് മാറ്റുന്ന, ഈ മുഖ്യനെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം ഭരണപക്ഷ എം എൽ എമാരിലും പ്രകടമാണ്. പറഞ്ഞത് അത്രയും വെടിപ്പായിട്ട് പുറത്ത് വന്ന സ്ഥിതിക്ക് ഒടുവിൽ മൈക്ക് ചതിച്ചാശാനേ എന്ന് വിലപിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത് ?
മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയ റെജി ചെറിയാൻ്റെ ആവശ്യം തള്ളിക്കളയാനാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശമെങ്കിൽ, അത് സഭയിൽ മറുപടി പ്രസംഗത്തിലൂടെ തന്നെ നൽകണമായിരുന്നു. അതാണ് മുഖ്യമന്ത്രിക്ക് ചേർന്ന മാന്യത. എന്നാൽ, അതല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. ആവശ്യം പരിശോധിച്ച് തീരുമാനിക്കും എന്ന മറുപടി നൽകിയതിന് ശേഷം, തൊട്ടടുത്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല ‘ എന്നാണ് മുഖ്യൻ മൊഴിഞ്ഞിരിക്കുന്നത്, ഇതാണ് സഭ ടിവിയിൽ നിന്നും പൊക്കി, സി.പി.എം എം എൽ എ ഫെയ്‌സ് ബുക്കിൽ ഇട്ടപ്പോൾ നാറ്റിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അതും വേണ്ടത്ര ഏശിയിട്ടില്ല. തന്നോട് സംസാരിച്ച് നിർത്തിയതിൻ്റെ തുടർച്ച ആയാണ് ഇക്കാര്യം മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നാണ് കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചിരിക്കുന്നത്. അരിയാഹാരം കഴിക്കുന്ന മലയാളിയുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുന്ന പ്രതികരണമായി മാത്രമേ, ഈ പ്രതികരണത്തെയും വിലയിരുത്താൻ കഴിയുകയൊള്ളൂ.
Also Read: യുഡിഎഫിനും പൊലീസ് ഉന്നതർക്കും ‘അഗ്നിപരീക്ഷണം’, വെള്ളാപ്പള്ളിമാരെ അകത്താക്കിയില്ലെങ്കിൽ നാറും
ഈ സംഭവം പെരുമാറ്റത്തിൻ്റെ കാര്യത്തിലാണെങ്കിൽ നയപരമായ കാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ അവസ്ഥയും അതി ദയനീയമാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം , ഇതിനകം തന്നെ ഭരണപക്ഷത്ത് തന്നെ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. അതുപോലെ തന്നെ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും, യു ഡി എഫ് നയത്തിന് എതിരായി കരിമണൽ ഖനനം നടത്തും എന്ന് പറഞ്ഞതും എല്ലാം, മുഖ്യമന്ത്രിക്ക് എതിരെ വലിയ വിമർശനത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ, വെള്ളാപ്പള്ളി നടേശന് എതിരായ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഇടപെട്ട് വി എം സുധീരനെ പോലുള്ളവരും മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നതും ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് അന്തിചർച്ചകൾ നടത്തിയിരുന്ന മാധ്യമങ്ങൾ എന്തായാലും, അദ്ദേഹത്തെ കൈവിട്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സതീശനെ പിന്തുണച്ച മുസ്ലിംലീഗും ഇപ്പോൾ വെട്ടിലായ അവസ്ഥയിലാണുള്ളത്. ആകെ മൊത്തം യു ഡി എഫ് തന്നെ ആകെ കലങ്ങി മറിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാണ്. ഒടുവിൽ കലങ്ങി തെളിയുമ്പോൾ ഇനി സതീശൻ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
അധികാരമേറ്റെടുത്ത് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ, കെട്ടിപ്പൊക്കിയ സകല ഇമേജും നഷ്ടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തായാലും ഉണ്ടായിട്ടില്ല എന്നകാര്യത്തിൻ എന്തായാലും സംശയമില്ല. അതുകൊണ്ടു തന്നെ, മാർക്കിടൽ ഒക്കെ 6 മാസം കഴിഞ്ഞിട്ട് നൽകുന്നതാണ് നല്ലത്. ഇനി ഇത്രയും ദിവസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രി ആരാണ് എന്ന ചോദ്യത്തിനുള്ള അഭിപ്രായം പറയാം , രാഷ്ട്രീയ -കക്ഷി ഭേദമന്യേ മിക്കവാറും എല്ലാവർക്കും ഇതേ അഭിപ്രായം ആകാൻ തന്നയാണ് സാധ്യത.
അത് മറ്റാരുമല്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ്. മുഖ്യമന്ത്രി കസേരക്കായുള്ള ഓട്ടത്തിൽ വിഡി സതീശന് മുന്നിൽ അടിപതറിയെങ്കിലും, മന്ത്രിസഭയിൽ, മുഖ്യമന്ത്രിയെയും പിന്തള്ളി മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തര- വിജിലൻസ് വകുപ്പുകൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ലഹരി മാഫിയക്ക് എതിരായ ‘ഓപ്പറേഷൻ തൂഫാൻ ‘ വലിയ ഇംപാക്ട് ഇതിനകം തന്നെ നാട്ടിൽ സൃഷ്ടിച്ചിട്ടുണ്ട്. അതിൻ്റെ ക്രഡിറ്റ് പൂർണ്ണമായും പൊലീസ് മന്ത്രിക്ക് തന്നെയാണ് കൊടുക്കേണ്ടത്. അക്കാര്യത്തിലും എന്തായാലും സംശയമില്ല.
EXPRESS VIEW
വീഡിയോ കാണാം..






