കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയം: മുഖ്യമന്ത്രി

കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയം: മുഖ്യമന്ത്രി

പാലക്കാട്: ജനാധിപത്യം അപകടത്തിലാകുമ്പോള്‍ ജനങ്ങള്‍ അത് സംരക്ഷിച്ചേ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള നാടാണ് കേരളം. 2025 നവംബര്‍ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറും. ഇത് കേരളത്തിന് മാത്രം പറയാന്‍ സാധിക്കുന്നതാണ്. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ഇവിടെ ഒറ്റ കേരള സ്റ്റാറിയേ ഉള്ളൂ. അത് കേരളം നമ്പര്‍ വണ്‍ എന്ന സ്റ്റോറിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രകടന പത്രികയില്‍ പോലും സിഎഎയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കാശ്മീര്‍ വിഷയത്തിലും കോണ്‍ഗ്രസിന്റെ ശബ്ദം ആരും കേട്ടില്ല. എന്‍ഐഎ ഭേദഗതിയോ യുഎപിഎ ഭേദഗതിയോ ആയാലും കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പം നില്‍ക്കുകയാണ്. ഇവയെ എതിര്‍ത്ത ആറ് എംപിമാരില്‍ കോണ്‍ഗ്രസില്ല. കേരളത്തില്‍ നിന്ന് എതിര്‍ത്തത് ആരിഫ് മാത്രമാണ്. കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ 18 എംപിമാര്‍ മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top