അതിഥിയായി വന്ന കപ്പൽ തകർക്കപ്പെട്ടിട്ടും കേന്ദ്രത്തിന് മൗനം; കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ അച്ചുതണ്ട് നടത്തുന്ന സൈനിക നടപടികൾ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു

അതിഥിയായി വന്ന കപ്പൽ തകർക്കപ്പെട്ടിട്ടും കേന്ദ്രത്തിന് മൗനം; കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി
അതിഥിയായി വന്ന കപ്പൽ തകർക്കപ്പെട്ടിട്ടും കേന്ദ്രത്തിന് മൗനം; കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

ന്ത്യൻ മണ്ണിലെ സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 25-ന് ഇന്ത്യയിലെത്തിയ കപ്പൽ മാർച്ച് 4-ന് ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്തത് അതീവ ഗൗരവകരമാണ്. നമ്മുടെ അതിഥികളായി എത്തിയവരോട് ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിക്കുന്നത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ അച്ചുതണ്ട് നടത്തുന്ന സൈനിക നടപടികൾ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ നടപടി അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശബ്ദത ശരിയായ സമീപനമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Also Read: ‘സാധാരണക്കാരന്റെ ജീവന് വിലയില്ലേ?’; പോലീസിനെതിരെ ജസ്‌ലിയയുടെ കുടുംബം

യുദ്ധം മൂലം ഗൾഫ് മേഖലയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു. പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടലുകൾ നടത്തണം. നിലവിലെ സാഹചര്യത്തിൽ നോർക്കയുടെ നേതൃത്വത്തിൽ സഹായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ലോക കേരള സഭാംഗങ്ങളും പ്രവാസി സംഘടനകളും എംബസികളുമായി ചേർന്ന് ഹെൽപ്പ് ഡെസ്കുകൾ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചേരിചേരാ നയത്തിനും സമാധാനത്തിനും പ്രാധാന്യം നൽകിയ പാരമ്പര്യമുള്ള ഇന്ത്യ, സംഘർഷം ലഘൂകരിക്കാൻ സജീവമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിലപാട് വ്യക്തമാക്കുമ്പോഴും ഐക്യരാഷ്ട്രസഭ നിഷ്ക്രിയത്വം പാലിക്കുന്നത് ദൗർഭാഗ്യകരമാണ്. യുദ്ധവുമായി ബന്ധപ്പെട്ട് ഭീതിജനകമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share Email
Top