CMDRF

വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം; കെ സുധാകരൻ

വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്   കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം; കെ സുധാകരൻ
വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്   കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം; കെ സുധാകരൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ദുരന്തഭൂമിയിൽ എത്താനുള്ള സാമാന്യബോധം രാജ്യത്തിന്റെ പ്രധാനമന്ത്രി കാട്ടേണ്ടതായിരുന്നുവെന്നും അത് ഉണ്ടാകാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ സർവ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻഗണന നൽകേണ്ടത്.

അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടൽ. മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പരിശോധിച്ചാൽ അത് ഈ ദുരന്തത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനിറങ്ങിയവർക്ക് ബോധ്യമാകും.

ദുരന്തം ബാക്കിവെച്ച നമ്മുടെ സഹോദരങ്ങളെ വിഭാഗീയതയും വിദ്വേഷവും മറന്ന് ഒരുമിച്ച് നിന്ന് അതിജീവനത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനാണ് നാം മുൻഗണന നൽകേണ്ടത്. അതിനാവശ്യമായ പുനരധിവാസ പാക്കേജിന് രൂപം നൽകണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. വയനാട് ഉരുൾപൊട്ടൽ വരുത്തിയ നാശനഷ്ടത്തിന്റെ കണക്ക് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. ഇപ്പോഴുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പുനഃപരിശോധിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

Top