ഡല്‍ഹി: റഷ്യന്‍ സായുധ സേനയില്‍ ഇനി അവശേഷിക്കുന്നത് 19 ഇന്ത്യക്കാര്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 19 പേരെ മാത്രമാണ് നിലവില്‍ റഷ്യന്‍ സേനയില്‍ നിയോഗിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മോചനം, നാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ വൈകുന്നതിന്റെ കാരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ യോജിച്ച ശ്രമങ്ങളുടെ ഫലമായി റഷ്യന്‍ സായുധ സേനയിലെ മിക്ക ഇന്ത്യന്‍ പൗരന്മാരെയും വിട്ടയച്ചിട്ടുണ്ടെന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു. നിരവധി പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. റഷ്യന്‍ സായുധ സേനയില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എവിടെയാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്നും അവരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാനും ബന്ധപ്പെട്ട റഷ്യന്‍ അധികാരികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കീര്‍ത്തി വര്‍ധന്‍ സിംഗ് സഭയെ അറിയിച്ചു.