ഡൽഹി: വാഹനങ്ങളുടെ രൂപമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളോ സവിശേഷതകളോ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പൊതുസുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അവകാശം മാത്രമാണ് സംസ്ഥാന സർക്കാരുകൾക്കുള്ളതെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭയിൽ സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ നിർണായക വിവരം ഉള്ളത്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52 (1) വകുപ്പ് പ്രകാരം, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ (ആർ.സി.) വിവരങ്ങളിൽ വ്യത്യാസം വരുന്ന രീതിയിൽ യാതൊരുവിധ രൂപമാറ്റവും വരുത്താൻ പാടില്ല. വാഹനങ്ങളിൽ വരുത്താൻ അനുവദനീയമായ മാറ്റങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരും കേന്ദ്ര മോട്ടോർ വാഹന നിയമവുമാണ്. സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നിലയിൽ മാർഗനിർദേശങ്ങൾ മാറ്റാനോ രൂപമാറ്റം സംബന്ധിച്ച് പുതിയ നയങ്ങൾ രൂപീകരിക്കാനോ അധികാരമുണ്ടോ എന്ന വി. ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് വന്നതോടെ, വാഹനങ്ങളുടെ രൂപമാറ്റം നിയമവിധേയമാക്കുമെന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് യാതൊരുവിധ നിയമപരമായ അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് വി. ശിവദാസൻ എം.പി പ്രതികരിച്ചു.





