‘ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടി’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നല്‍കിയില്ല മുഖ്യമന്ത്രി വ്യക്തമാക്കി

‘ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടി’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
‘ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടി’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആഭ്യന്തര മന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത് ആദ്യമല്ല. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു. ഓാഗസ്റ്റ് 10 ന് പ്രധാനമന്ത്രി വയനാട്ടില്‍ വന്നു. അന്ന് തന്നെ കേരളം ആവശ്യങ്ങള്‍ ഉന്നയിച്ചു. പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നല്‍കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി. കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നല്‍കിയില്ല മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: രഞ്ജിത്തിന് ആശ്വാസം; സ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു

നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ PDNA പ്രകാരം ആവശ്യം ഉന്നയിച്ചു. പോസ്റ്റ് ഡിസാസ്റ്റര്‍ അസസ്മെന്റ് നടത്തി നവംബര്‍ 13 ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. PDNA സഹായം നല്‍കുന്നതിനുള്ള ആധികാരിക രേഖയല്ല മുഖ്യമന്ത്രി പറഞ്ഞു. ഇത് ദുരന്ത മേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയെന്നും മുഖ്യന്ത്രി കൂട്ടിച്ചേര്‍ത്തു. 585 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിന് വേണ്ടിയാണ് 3 മാസം സമയം എടുത്തത്. ഇത് സാധാരണമാണ്. അടിയന്തര സഹായം അനുവദിച്ചില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന കാര്യം. PDNAയില്‍ നിന്ന് പുനര്‍ നിര്‍മാണ ഫണ്ടാണ് കേരളം ആവശ്യപെട്ടത് അദ്ദേഹം വിശദമാക്കി.

കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ 3 കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഒന്ന്, തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണം. രണ്ട്, ദുരന്ത ബാധിതരുടെ എല്ലാ കടങ്ങളും എഴുതി തള്ളണം, മൂന്ന് ദേശിയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തിര സഹായം ലഭ്യമാക്കണം. ഇതില്‍ ഒന്ന് പോലും അംഗീകരിച്ചില്ല. SDRF ഫണ്ടില്‍ ലഭിച്ചത് സവിശേഷമായ സഹായമല്ല ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപ SDRFല്‍ നിന്ന് ചെലവഴിക്കുന്നുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റേത് വയനാടിനെ അവഗണിക്കുന്ന സമീപനമെന്നും തൊടുന്യായം പറഞ്ഞാണ് അവഗണനയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Share Email
Top