CMDRF

വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂര്‍ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂര്‍ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി
വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂര്‍ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

ഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമായി നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.

നിലവില്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാടിലേക്കുള്ള യാത്രക്ക് നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്.

പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.

അതേസമയം, ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ കാണാതായവർക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മനുഷ്യര്‍ ജീവനോടെ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ത്രീഡി തെര്‍മല്‍ ഇമേജിംഗ് പരിശോധന ഉൾപ്പെടെയാണ് നടക്കുന്നത്. അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്‍റുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്.

Top