പത്തനംതിട്ട: മണിയാര്‍ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായുള്ള കരാര്‍ കാര്‍ബൊറണ്ടം കമ്പനി ലംഘിച്ചെന്ന് കണ്ടെത്തല്‍. വൈദ്യുതിക്ക് വില കുറവുള്ള സമയം കമ്പനി വൈദ്യുതി പുറത്തുനിന്ന് വാങ്ങിയെന്നും കണ്ടെത്തി. വില കൂടുമ്പോള്‍ ഉല്‍പാദിപ്പിച്ച് കെഎസ്ഇബി ഗ്രിഡിലേക്ക് മാറ്റിയ വൈദ്യുതി തിരികെ എടുത്തു. ഇത് പുറത്തു നിന്ന് വൈദ്യതി വാങ്ങാനുള്ള കരാര്‍ വ്യവസ്ഥയുടെ ലംഘനമെന്ന് കണ്ടെത്തല്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് മണിയാറില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ പൂര്‍ണ്ണമായ വിനിയോഗത്തിന് ശേഷം മാത്രമാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ കമ്പനിക്കാണ് കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
കരാര്‍ നീട്ടിനല്‍കിയതിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കമ്പനി കരാര്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍ പുറത്തുവന്നത്. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് കെഎസ്ഇബിയും കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി കരാറില്‍ എത്തുന്നത്. ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. 94 ല്‍ ഉല്‍പാദനം തുടങ്ങി. കരാര്‍ പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായി.
കരാര്‍കാലം കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണം. പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബിയ്ക്ക് കൈമാറണമെന്ന് കാണിച്ച് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഊര്‍ജവകുപ്പിന് കത്തും അയച്ചിരുന്നു. പദ്ധതി 2025 ജനുവരി മുതല്‍ ഏറ്റെടുക്കണമെങ്കില്‍ 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. ഇത് നല്‍കിയിട്ടില്ല. പിന്നില്‍ അഴിയതിയാണെന്നാണ് പ്രതിപക്ഷ ആരോപണം.