ന്യൂഡൽഹി: പട്ടാപകൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ഡൽഹിയിലെ ക്രോക്കറി ഉടമ സുനിൽ ജെയിൻ (52) ആണ് പ്രഭാത നടത്തത്തിനിടെ അക്രമികളാൽ കൊല്ലപ്പെട്ടത്.
മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ച് രാവിലെ തന്നെ വിവരം ലഭിച്ചതായി ഷഹ്ദാര ഡി.സി.പി പ്രശാന്ത് ഗൗതം പറഞ്ഞു. അക്രമികൾ സുനിൽ ജെയിനെ ഒന്നിലധികം തവണ വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Also Read: 1000 കോടിയുടെ സ്വത്തുക്കൾ സുരക്ഷിതം, അജിത് പവാറിന് ആശ്വാസം
കൊല്ലപ്പെട്ട സുനിൽ ജെയിന് നേരത്തേ ഭീഷണികൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പിടികൂടാനും വെടിവെപ്പിന് പിന്നിലെ കാരണം കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എ.എ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ രംഗത്തെത്തിയിരുന്നു. ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.