വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയോടും ആരാധകരോടും ജി വി പ്രകാശ് പത്രകുറിപ്പിലൂടെ അറിയിച്ചു.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2013ലാണ് ഇരുവരും വിവാഹിതരായത്. അന്‍വി ഇവരുടെ മകളാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ‘ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച ജി വി പ്രകാശ് റഹ്‌മാന്റെ സഹോദരീപുത്രനാണ്. 2004-ല്‍ ‘അന്യന്‍’ എന്ന സിനിമയില്‍ ഹാരിസ് ജയരാജിന്റെ സംഗീതത്തിലൊരിങ്ങിയ ഗാനത്തിലൂടെയാണ് സൈന്ധവി തമിഴ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്.