ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ ടൂർണമെന്റ് തീപ്പൊരി പോരാട്ടത്തിലേക്ക്. 48 ടീമുകളിൽനിന്ന് എട്ട് ടീമുകൾ മാത്രം അവശേഷിക്കുമ്പോൾ കിരീടപ്പോരാട്ടം കടുക്കുകയാണ്. ജൂലൈ 10- ന് പുലർച്ചെ 1.30-ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, പുതുശക്തികളായ മൊറോക്കോയെ നേരിടും. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, ഹാരി കെയ്ൻ, എർലിങ് ഹാളണ്ട് തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം ക്വാർട്ടറിൽ അണിനിരക്കുമ്പോൾ, ഫുട്ബോൾ ആരാധകർ വലിയ ആവേശത്തിലാണ്.
എംബാപ്പെ എൻജിൻ, ഫ്രാൻസിന്റെ കരുത്ത്
ഏത് പ്രതിരോധത്തെയും തകർക്കാൻ കെൽപ്പുള്ള കിലിയൻ എംബാപ്പെ തന്നെയാണ് ഫ്രഞ്ച് പടയുടെ കരുത്ത്. ടൂർണമെന്റിൽ ഇതിനകം ഏഴ് ഗോളുകൾ നേടിയ എംബാപ്പെ ഗോൾവേട്ടയിൽ മെസ്സിക്കൊപ്പമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ എന്ന നേട്ടത്തിലേക്കാണ് താരം കണ്ണുവെച്ചിരിക്കുന്നത്. നാല് ഗോൾ വീതം നേടിയ ഒസുമാനെ ഡെംബലെ, ബ്രാഡ്‌ലി ബാർകോള, മൈക്കിൾ ഒലീസെ എന്നിവർ അടങ്ങുന്ന മുന്നേറ്റനിര ടൂർണമെന്റിലെ ഏറ്റവും അപകടകാരികളാണ്. മധ്യനിരയിൽ അഡ്രിയൻ റാബിയോട്ടും ഔറിലിയൻ ചൗമെനിയും നൽകുന്ന പിന്തുണ ഫ്രാൻസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അപരാജിതരായി കുതിക്കുന്ന ഫ്രാൻസിന്, പ്രീ-ക്വാർട്ടറിൽ പാരഗ്വായ്‌ക്കെതിരായ കടുപ്പമേറിയ മത്സരത്തിന്റെ ക്ഷീണം മറികടക്കേണ്ടതുണ്ട്.
Also Read:അർജന്റീനയോട് തോൽവി, ഫിഫയ്ക്ക് പരാതി നൽകി ഈജിപ്ത്; റഫറിക്കെതിരെ ഗുരുതര ആരോപണം
മൊറോക്കോയുടെ പടയോട്ടം
കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് മൊറോക്കോ ഇറങ്ങുന്നത്. കഴിഞ്ഞ 35 മത്സരങ്ങളിലായി തോൽവിയറിയാത്ത ടീമെന്ന റെക്കോഡുമായാണ് അവർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചും, നോക്കൗട്ടിൽ നെതർലൻഡ്സിനെ പുറത്താക്കിയും അവർ കരുത്ത് തെളിയിച്ചു. പരിശീലകൻ മുഹമ്മദ് ഔഹാബിയുടെ തന്ത്രങ്ങൾ നിർണായകമാകുമ്പോൾ, ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമി, അസെദിൻ ഔനാഹി, ബ്രാഹിം ഡയസ് എന്നിവർ ടീമിന് കൂടുതൽ കരുത്ത് നൽകുന്നു. എന്നാൽ ഇസ്മായിൽ സായ്ബാരിയുടെ പരിക്ക് ടീമിന് ചെറിയ തിരിച്ചടിയാണ്.
റെക്കോഡിലേക്ക് ദിദിയർ ദെഷോം
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച റെക്കോഡിനൊപ്പമെത്താൻ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷോമിന് ഇനി ഒരു മത്സരം കൂടി മതി. മൊറോക്കോയ്ക്കെതിരായ മത്സരം ദെഷോമിന്റെ 25-ാം ലോകകപ്പ് മത്സരമായിരിക്കും. പശ്ചിമജർമനിയുടെ ഇതിഹാസ പരിശീലകൻ ഹെൽമുട്ട് ഷോണിന്റെ റെക്കോഡിനൊപ്പമാണ് ദെഷോം എത്തുന്നത്. 2012-ൽ ചുമതലയേറ്റ ശേഷം നാല് ലോകകപ്പുകളിൽ ടീമിനെ നയിച്ച ദെഷോം, 24 കളിയിൽ നിന്ന് 19 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.






